കോഴിക്കോട്: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. സഖ്യത്തിനെതിരേ കേരളത്തിലെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെയാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
16,17,18 തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യൂറോ യോഗവും വിഷയം ചര്‍ച്ച ചെയ്യുമെന്ന് എസ്. രാമചന്ദ്രന്‍പിള്ള കോഴിക്കോട് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനത്തിലും എടുത്ത തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായ സാഹചര്യം ബംഗാളിലുണ്ടോ എന്ന് വിശദമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ കൈക്കൊണ്ട നിലപാടില്‍ നിന്ന് പിന്നോട്ട് പോയാല്‍ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് സിപിഐ ഉള്‍പ്പെടെയുളള കക്ഷികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടൊപ്പം സഖ്യത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രാവിലെ രംഗത്തെത്തിയിരുന്നു. ബംഗാളിന് വേണ്ടി കേരളത്തെ മറക്കരുതെന്നും തെറ്റ് ആവര്‍ത്തിക്കരുതെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന.
സിപിഎം മുന്‍കൈയ്യെടുത്താണ് ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ നീക്കം നടത്തുന്നത്. മമതയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പ്രതിരോധിക്കാന്‍ ഇത് ആവശ്യമാണെന്നും കേരളത്തിലെ സാഹചര്യമല്ല ബംഗാളിലെന്നുമാണ് പശ്ചിമബംഗാള്‍ ഘടകത്തിന്റെ വിശദീകരണം.