ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ഡല്‍ഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിലെ പ്രത്യേക അന്വേഷണസംഘമാണ് ഇന്നലെ രാത്രി അഞ്ച് മണിക്കൂറോളം ശശി തരൂരിനെ ചോദ്യം ചെയ്തത്.
സുനന്ദ കൊല്ലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നില്ലെന്നും മരുന്നുകളുടെ അമിത ഉപയോഗമാണ് മരണകാരണമെന്നുമാണ് ശശി തരൂര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. സുനന്ദ ഉപയോഗിച്ചിരുന്ന മരുന്നുകളുടെ വിവരങ്ങളും അന്വേഷണസംഘം തരൂരിനോട് ആരാഞ്ഞു. മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയിരുന്ന അല്‍പ്രാക്സ് മരുന്നുകള്‍ സുനന്ദയ്ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങളും അന്വേഷണസംഘം തരൂരിനോട് ചോദിച്ചു.
സുനന്ദയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ചും മരിക്കുന്നതിന് തലേന്ന് തരൂരും സുനന്ദയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെക്കുറിച്ചും അന്വേഷണസംഘം ആരാഞ്ഞു. ഈ മാസം ഒടുവില്‍ കേസില്‍ അന്തിമ റി്പ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായിട്ടായിരുന്നു ശശി തരൂരിനെ ചോദ്യം ചെയ്്തത്. അഭിഭാഷകനുമൊത്താണ് ശശി തരൂര്‍ എത്തിയത്. നേരത്തെ രണ്ട് പ്രാവശ്യം തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യല്‍ വിശദമായി വിലയിരുത്തിയ ശേഷമാകും ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണോയെന്ന് തീരുമാനിക്കുക. വാഷിംഗ്ടണിലെ എഫ്ബിഐ ലാബില്‍ നിന്ന് സുനന്ദയുടെ ആന്തരീകാവയവ പരിശോധനാഫലവും ഇതില്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്ധ ഉപദേശവും ഡല്‍ഹി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തത്.
2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് തരൂരും സുനന്ദയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.