കൊച്ചി: ചലച്ചിത്രങ്ങളിലൂടെ മലയാളിയുടെ ദൃശ്യബോധത്തിന് മിഴിവും തികവും പകര്‍ന്ന ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നാളെ രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.
മലയാളികള്‍ നെഞ്ചേറ്റിയ ഒട്ടേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ആനന്ദക്കുട്ടനായിരുന്നു. ഭരതം, ഹിസ് ഹൈനസ് അബ്ദുളള, അനിയത്തിപ്രാവ്, ആകാശദൂത്, നമ്പര്‍ 20 മദ്രാസ് മെയില്‍, രേവതിക്കൊരു പാവക്കുട്ടി, അഥര്‍വ്വം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, സദയം,മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ ജനപ്രിയ സിനിമകള്‍ ഇതില്‍ ചിലത് മാത്രം. കണ്ണുക്കുള്‍ നിലാവ് എന്ന തമിഴ്ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം നേടി.
ഇരുന്നൂറോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു.1954 ല്‍ അദ്ധ്യാപകരായ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശേരി എന്‍എസ്എസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
മന്നത്ത് പത്മനാഭന്റെ സംസ്‌കാരച്ചടങ്ങില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആനന്ദക്കുട്ടന്‍ ക്യാമറയില്‍ ഒരു ചിത്രമെടുത്തിരുന്നു. ഈ ചിത്രത്തോട് തോന്നിയ ഭ്രമമാണ് ആനന്ദക്കുട്ടന്റെ ജീവിതം ക്യാമറയ്‌ക്ക് പിന്നാലെ തിരിച്ചുവിട്ടത്. ചങ്ങനാശേരിയിലെ ഒരു സ്റ്റുഡിയോയുടെ റിസപ്ഷനില്‍ ഈ ചിത്രത്തിന്റെ വലിയ പ്രിന്റ് പ്രദര്‍ശിപ്പിക്കുകയും ആനന്ദക്കുട്ടനെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
അന്ന് മുതല്‍ ക്യാമറയോടുളള സ്‌നേഹം ആനന്ദക്കുട്ടന്‍ ഒപ്പം കൂട്ടി. പ്രീഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം ക്യാമറ പഠിക്കാനായി മദ്രാസിലേക്ക്. സ്റ്റുഡിയോ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. 1976 ല്‍് പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസൊരു മയില്‍ എന്ന സിനിമയിലൂടെയാണ് ആനന്ദക്കുട്ടന്‍ ചലച്ചിത്ര ഛായാഗ്രഹണ രംഗത്തേക്ക് സ്വതന്ത്ര ക്യാമറാമാനായി പ്രവേശിക്കുന്നത്.
90 കളില്‍ ഒരു വര്‍ഷം 12 സിനിമകള്‍ വരെ ആനന്ദക്കുട്ടന്റെ ഛായാഗ്രഹണത്തില്‍ പുറത്തിറങ്ങിയിരുന്നു. പ്രേംനസീര്‍ മുതല്‍ പുതുതലമുറയിലെ നടന്‍മാര്‍ വരെ ആനന്ദക്കുട്ടന്റെ ഫ്രെയിമുകളിലൂടെ ആസ്വാദകരുടെ മനസിലേക്ക് എത്തി. എറണാകുളത്തായിരുന്നു താമസം. ഗീതയാണ് ഭാര്യ. മക്കള്‍: ശ്രീകുമാര്‍, നീലിമ, കാര്‍ത്തിക.