കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ ചികിത്സാനാടകം പൊളിയുന്നു. ജയരാജന് ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗവിഭാഗം മേധാവി. ഡോ. എസ്.എം അഷ്‌റഫ് സിബിഐയെ അറിയിച്ചു. കഴിഞ്ഞ ദിവസം തന്നെ ആശുപത്രിയിലെത്തി സിബിഐ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെ ജയരാജനെ പരിയാരത്ത് നിന്നും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
രണ്ട് ദിവസം മുന്‍പാണ് പി. ജയരാജന്‍ കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ കോടതിയില്‍ കീഴടങ്ങിയത്. ജയരാജനെ കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചെങ്കിലും ജില്ലാ ആശുപത്രിയിലെയും ജയില്‍ ഡോക്ടറുടെയും റിപ്പോര്‍ട്ടിന്റെ മറവില്‍ ജയിലിലെത്തി ഒരു മണിക്കൂറിനുളളില്‍ തന്നെ ചികിത്സയ്‌ക്കായി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയുടെ പേരില്‍ ജയരാജന്‍ അര്‍ഹമല്ലാത്ത ആനുകൂല്യങ്ങള്‍ പറ്റുകയാണെന്നും നിയമനടപടിയില്‍ നിന്ന് ഒളിച്ചോടാനുളള മാര്‍ഗമായി അസുഖത്തെ ഉപയോഗിക്കുകയാണെന്നും സിബിഐയ്‌ക്ക് സംശയമുണ്ടായിരുന്നു.
തുടര്‍ന്നാണ് ജയരാജനെ ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്ന് സിബിഐ വിവരങ്ങള്‍ തേടിയത്. ഡോക്ടറോട് നാളെ സിബിഐയുടെ ക്യാമ്പ് ഓഫീസായ തലശേരി റസ്റ്റ് ഹൗസില്‍ നേരിട്ട് ഹാജരാകാനും അന്വേഷണസംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിമാന്‍ഡ് പ്രതിക്ക് അടിയന്തര സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ഗുരുതരമായ പ്രശ്‌നമില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വ്യവസ്ഥ.
പരിയാരത്ത് പ്രവേശിപ്പിക്കപ്പെട്ട ജയരാജന് കാര്യമായ അസുഖം ഇല്ലെന്ന്് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ വഴിവിട്ട സൗകര്യം ചെയ്തുകൊടുത്തതിന് ജയില്‍ അധികൃതരും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സ്ഥിതിയാണ്. ഇത് മുന്‍നിര്‍ത്തിയാണ് ജയരാജനെ കോഴിക്കോടേക്ക് മാറ്റണമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജിലെ വാര്‍ഡിലാണ് ജയരാജനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ജയരാജനെ ഡിസ്ചാര്‍ജ് ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ സൗകര്യം ചെയ്തു തരണമെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഇതിന് തടസമില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
അടുത്തുള്ള ഹൃദ്രോഗ ആശുപത്രിയില്‍ ജയരാജനെ പ്രവേശിപ്പിക്കണമെന്ന് ജില്ലാ ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതായും അതാണ് അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. ജില്ലാ ആശുപത്രിയിലും ജയില്‍ അധികൃതരിലും സിപിഎമ്മിനുള്ള സ്വാധീനം ഉപയോഗിച്ചാണ് ജയരാജന്റെ ആശുപത്രി വാസത്തിന് സഹായകമായ രേഖകള്‍ സൃഷ്ടിച്ചതെന്ന് ആദ്യം മുതലേ ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം ജയരാജനെ കസ്റ്റയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ ചികിത്സാ വിവരങ്ങള്‍ സിബിഐ കോടതിയില്‍ ഹാജരാക്കും.