പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ നഴ്‌സിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജീവനക്കാര്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. തിങ്കളാഴ്ചയ്‌ക്കുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഒപി ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് ജീവനക്കാര്‍.
കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രശാന്തിനെ കൃഷ്ണദാസും ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരും മര്‍ദ്ദിച്ചത്. പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു എന്‍.എന്‍ കൃഷ്ണദാസും പാര്‍ട്ടി പ്രവര്‍ത്തകരും. വിദ്യാര്‍ഥികളെ കിടത്തിയിരുന്ന അത്യാഹിത വിഭാഗത്തിലേക്ക് കൃഷ്ണദാസും സംഘവും കടക്കാന്‍ ശ്രമിച്ചതോടെ മറ്റ് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രശാന്ത് തടയുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലായിരുന്നു മര്‍ദ്ദനം.
ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള പ്രശാന്തിനെ മന്ത്രി പി.ജെ ജോസഫ് സന്ദര്‍ശിച്ചു. കഴുത്തെല്ലിന് പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് പ്രശാന്തിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയിരുന്നു. ഇത് കൂടാതെ കൈയ്‌ക്കും നെഞ്ചിനും ക്ഷതം ഏല്‍ക്കുകയും ചെയ്തിരുന്നു. പ്രശാന്ത് നിലത്തുവീണിട്ടും എംപിയും സംഘവും മര്‍ദ്ദനം തുടരുകയായിരുന്നു. തിങ്കളാഴ്ചയ്‌ക്കുള്ളില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തുടര്‍ പ്രക്ഷോഭം നടത്താനാണ് ആശുപത്രി ജീവനക്കാരുടെ തീരുമാനം. വിഷത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി നാലു പേര്‍ക്കെതിരെ കേസെടുത്തിരുന്നു.