തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ സംസ്ക്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോട് കൂടി തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു.
ഒ.എന്‍.വിയുടെ വഴുതക്കാട്ടെ വസതിയായ ഇന്ദീവരത്തില്‍ നിന്നും വിലാപയാത്രയോടെയാണ് മൃതദേഹം തൈക്കാട് എത്തിച്ചത്. ജില്ലാഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.
ഒഎന്‍വിക്ക് യാത്രാമൊഴി നല്കി അദ്ദേഹത്തിന്റെ ശിഷ്യരായ 84 കലാകാരന്മാര് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി കാവ്യാര്‍ച്ചന നടത്തിയാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. സംസ്കാരം വരെ ഗാനാലാപനം തുടര്‍ന്നു. സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ശാന്തികവാടത്തില്‍ എത്തിയത്.
ഒഎന്‍വിയോടുള്ള ആദരസൂചകമായി ഇന്ന് 11.30നു ശേഷമാണ് നിയമസഭ ചേര്‍ന്നത്. അനുശോചനം രേഖപ്പെടുത്തി മറ്റു നടപടികളിലേക്കു കടക്കാതെ സഭ പിരിഞ്ഞു.