കൊല്ലം: ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടത്തി കൊല്ലത്തെ കടയ്ക്കല്‍ ദേവീക്ഷേത്രം ഉപദേശക സമിതി. സഹസ്ര സരോവര്‍ പദ്ധതി പ്രകാരം ക്ഷേത്രക്കുളം നവീകരണത്തിന് അനുവദിച്ച ഒരു കോടി അന്‍പത് ലക്ഷം രൂപ ചിലവഴിക്കുന്നത് തോന്നിയ പടി. സിപിഎം നിയന്ത്രണത്തിലുള്ള ഉപദേശക സമിതി ക്ഷേത്രക്കുളം നവീകരണത്തിനായി ഭക്തജനങ്ങളില്‍ നിന്നും നടത്തിയ പണപ്പിരിവിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്.
രണ്ട് മാസം മുന്‍പാണ് കേന്ദ്ര പദ്ധതി പ്രകാരം ക്ഷേത്രക്കുളം നവീകരണത്തിന് കടയ്ക്കല്‍ ദേവീക്ഷേത്രത്തിലേക്ക് പണം അനുവദിക്കുന്നത്. കുളത്തിന്റെ നാല് വശവും കെട്ടി സംരക്ഷിക്കുന്നതിനാണ് ഇത്രയും തുക വകയിരുത്തിയതും. ഇതിന് പിന്നാലെ കരാര്‍ ലഭിച്ച കെഎല്‍ഡിസിയുടെ നേതൃത്വത്തില്‍ കുളം വറ്റിക്കുകയും ചെയ്തു. എന്നാല്‍ ഏറെ പ്രശസ്തമായ കടയ്ക്കല്‍ തിരുവാതിര ഉത്സവം അടുത്തിരിക്കെ ഇപ്പോള്‍ അനുവദിച്ച തുക തികയില്ലെന്നും അതിനാല്‍ രണ്ടു വശം മാത്രം കെട്ടുകയോ അല്ലെങ്കില്‍ പകുതി പണി ചെയ്യുകയോ മാത്രമേ നിവൃത്തിയുള്ളൂ എന്നുമാണ് ഉപദേശക സമിതിയുടെ വാദം. എസ്റ്റിമേറ്റില്‍ പറയുന്ന പ്രവൃത്തികള്‍ക്ക് ഇതിന്റെ പകുതി തുക മാത്രം മതിയെന്ന് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ പോലും സാക്ഷ്യപ്പെടുത്തുമ്പോഴാണ് സിപിഎം നിയന്ത്രണത്തിലുള്ള ഉപദേശക സമിതിയുടെ ക്രമക്കേട് വ്യക്തമാകുന്നത്.
സഹസ്രസരോവര്‍ പദ്ധതി തുക കൂടാതെ 2008 മുതല്‍ ക്ഷേത്രോപദേശക സമിതി ക്ഷേത്രക്കുള നവീകരണത്തിന്റെ പേരില്‍ ഭക്തജനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ പിരിച്ചെടുത്തിരുന്നു. ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 2013 മുതല്‍ സീല്‍ഡ് രസീത് നിര്‍ബന്ധമാക്കുകയും ചെയ്തു. കടയ്ക്കലിലെ സിപിഎം നേതാക്കളായ എസ്.ബിജു പ്രസിഡന്റും ജെ.എം.മര്‍ഫി സെക്രട്ടറിയുമായ ഇപ്പോഴത്തെ ഉപദേശക സമിതിയുടെ കാലാവധി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ചിട്ടും തെരഞ്ഞെടുപ്പും നടന്നിട്ടില്ല. അതേസമയം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തകരെയും പ്രധിഷേധിച്ച ഭക്തജനങ്ങളെയും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി.