
കുമളി: മുന്നറിയിപ്പ് തരാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇനി തുറന്നാല്‍ തമിഴ്നാടിന് ശക്തമായ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. അണക്കെട്ടിന്‍റെ കാര്യത്തില്‍ തമിഴ്നാട് വീണ്ടും ചട്ടം ലംഘിക്കുകയാണെങ്കില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അണക്കെട്ടില്‍ ഇന്ന് സന്ദര്‍ശനം നടത്തവേയാണ് മന്ത്രി തമിഴ്നാടിനു താക്കീത് നല്‍കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിനു മുന്നറിയിപ്പ് നല്‍കാതെ രണ്ടുതവണയായി തമിഴ്നാട് അണക്കെട്ടിലെ സ്പില്‍വേയുടെ ഷട്ടറുകള്‍ തുറന്നിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ തുടര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറന്നത് പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണമായി. കൂടാതെ സമീപ പ്രദേശങ്ങളിലെ ചില വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന്‍ ആശങ്കയിലായതോടെ മുന്നറിയിപ്പ് തരാതെ ഷട്ടറുകള്‍ തുറക്കരുതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ തമിഴ്നാടിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തിര സാഹചര്യം വന്നാല്‍ ജനങ്ങളെ മാറ്റുന്നതിന് വേണ്ടിയാണ് കളക്ടര്‍ സമയം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദ്ദേശം വകവയ്‌ക്കാതെ തമിഴ്നാട് ഷട്ടറുകള്‍ തുറന്ന് പെരിയാറിലേക്ക് അധിക വെള്ളം ഒഴുക്കുകയാണ് ചെയ്തത്.