കണ്ണൂർ : കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിലായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസത്തേക്ക് കസറ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്കിയ അപേക്ഷയിൽ തലശ്ശേരി സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. സി.ബി.ഐയുടെ അപേക്ഷയിൽ കോടതി ജയരാജന്റെ അഭിഭാഷകന് കെ.വിശ്വന്റെയും സി.ബി.ഐ അഭിഭാഷകന് എസ്.കൃഷ്ണകുമാറിന്റെയും വാദങ്ങൾ കേട്ടു.
ജയരാജന്റെ ആരോഗ്യനില പരിഗണിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യണമെന്നും സി.ബി.ഐയുടെ കസ്റ്റഡിയിൽ വിട്ടുനല്‍കരുത് എന്നുമായിരുന്നു ജയരാജന്റെ അഭിഭാഷകന് വാദിച്ചത്. അതേസമയം, കതിരൂർ മനോജ് വധത്തിന്റെ മുഖ്യ സൂത്രധാരൻ ആയതിനാൽ ജയരാജനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ് നങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകന് കോടതി മുമ്പാകെ പറഞ്ഞു.
അതേ സമയം റിമാൻഡിലായ പി.ജയരാജനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയരാജനെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെന്‍ട്രൽ ജയിൽ സൂപ്രണ്ട് പരിയാരം മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ടിന് ഫാക് സ് സന്ദേശമയച്ചതിനെതുടർന്നാണ് നടപടി. ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ നേരത്തെ സിബിഐയെ അറിയിച്ചിരുന്നു.