പാലക്കാട് : കോങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യാപകമായ അക്രമങ്ങളില്‍ ഒമ്പത് പേരാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോങ്ങാട് പഞ്ചായത്തില്‍ ബിജെപിക്ക് വന്‍തോതില്‍ വോട്ട് വര്‍ദ്ധിച്ചതാണ് അക്രമത്തിനു കാരണമെന്നാണ് ആരോപണം.
കഴിഞ്ഞ ഒരാഴ്ചയായി കോങ്ങാട് പഞ്ചായത്തിലെ കുണ്ടുവമ്പാടം, ചെറായ, വെള്ളയന്തോട് തുടങ്ങിയ പ്രദേശങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായാണ് അക്രമം നടത്തുന്നത്. അക്രമത്തില്‍ ഒമ്പത് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സ്ത്രീകളെ ഉള്‍പ്പെടെ ഇവര്‍ ആക്രമിച്ചതായും പരാതിയുണ്ട്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സജീഷ്കുമാറിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോങ്ങാട് പഞ്ചായത്തില്‍ അഞ്ഞൂറില്‍ താഴെ വോട്ട്് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് മൂവായിരത്തിലധികമായി. ഇതാണ് സിപിഎം പ്രവര്‍ത്തകരെ ആക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ആരോപണം