തിരുവനന്തപുരം : നവകേരള മാർച്ചിൽ പങ്കെടുക്കാൻ പോയ സി പി എം നേതാവ് മദ്യലഹരിയിൽ നാട്ടുകാർക്ക് നേരേ കാറോടിച്ചു കയറ്റി . ഇന്നലെ വൈകിട്ട് കോവളം ബൈപാസിലായിരുന്നു സംഭവം . വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് അംഗവും സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി അംഗവുമായ പ്ളാവൂർ അനിൽ എന്ന കെ അനിൽ കുമാറാണ് സാഹസിക കാറോട്ടം നടത്തിയത് .
കോവളം ജംഗ്ഷനിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം നിർത്താതെ പോയ അനിൽകുമാർ തൊട്ടടുത്ത ജംഗ്ഷനിൽ കാർ തടയാൻ ശ്രമിച്ച യുവാവിനെയും വെറുതെ വിട്ടില്ല . കാറിടിക്കുമെന്നുറപ്പായപ്പോൾ ബോണറ്റിൽ ചാടിപ്പിടിച്ച വിഴിഞ്ഞം സ്വദേശി ഫൈസലുമായി ഒന്നര കിലോമീറ്റർ ദൂരമാണ് അനിൽകുമാർ കാറോടിച്ചത് . ഒടുവിൽ നാട്ടുകാർ ചേസ് ചെയ്ത് യുവാവിനെ രക്ഷിക്കുകയായിരുന്നു .
കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു . പോലീസെത്തി അനിലിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തിയപ്പോഴാണ് മദ്യലഹരിയിലായിരുന്നെന്ന് തെളിഞ്ഞത് . കാൽ പാദത്തിന് പൊട്ടലേറ്റ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .