ന്യൂഡൽഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും നേട്ടം . ഏഴ് നിയമസഭാ മണ്ഡലങ്ങൾ എൻ ഡി എ നേടിയപ്പോൾ കോൺഗ്രസ് രണ്ടും സിപിഎം ,എസ് പി , ടി ആർ.എസ് എന്നിവ ഓരോ സീറ്റും നേടി
കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിൽ ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് ഒരു സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു . മഹാരാഷ്‌ട്രയിൽ പാൽഗർ സംവരണമണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ബിഹാറിലെ ഹർലകി സീറ്റിൽ ബിജെപി സഖ്യകക്ഷിയായ ആർ.എൽ.എസ്.പിയുടെ സുധാംശു ശേഖർ വിജയിച്ചു. മദ്ധ്യപ്രദേശിലെ മെയ്ഹാർ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി നാരായൺ ത്രിപാഠിയാണ് വിജയിച്ചത് . കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത് .
പഞ്ചാബിലെ ഖദൂർ സാഹിബിൽ ശിരോമണി അകാലിദൾ സ്ഥാനാർത്ഥി രവീന്ദർ സിംഗ് വിജയിച്ചത് അറുപത്തയ്യായിരത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് . കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത് .
യുപിയിലെ മുസഫർ നഗറിൽ ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോൾ ദിയോബന്ധിൽ കോൺഗ്രസ് വിജയിച്ചു . ഭരണകക്ഷിയായ സമാജ് വാദി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നത് . സമാജ് വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റായിരുന്നു മുസഫർ നഗർ. ബികാപൂരിൽ മാത്രമാണ് എസ് പി ക്ക് ജയിക്കാനായത് .
തെലങ്കാനയിലെ നാരായൺഖേദിൽ ടി ആർ എസ് സ്ഥാനാർത്ഥി ഭുപൽ റെഡ്ദി വിജയിച്ചു . ത്രിപുരയിലെ അമർപൂരിൽ സിപിഎം സ്ഥാനാർത്ഥി വിജയിച്ചപ്പോൾ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ ഒരു സീറ്റ് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത് . ഇത് നാലെണ്ണമായി ഉയർത്താൻ പാർട്ടിക്ക് കഴിഞ്ഞു . എൻ ഡി എ ഘടക കക്ഷികളായ ശിവസേനയും ആർ.എൽ.എസ്. പിയും തങ്ങളുടെ സീറ്റുകൾ നിലനിർത്തിയപ്പോൾ അകാലിദളിന് കോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാൻ സാധിച്ചു