ന്യൂഡൽഹി : അഫ്സൽഗുരുവിനെ പ്രകീർത്തിച്ച് ജെ.എൻ.യുവിൽ ദേശവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ഇടത് വിദ്യാർത്ഥി സംഘടനകളുടെ നടപടിയെ അപലപിച്ച് ഗുസ്തി താരവും ഒളിംന്പിക്സ് മെഡൽ ജേതാവുമായ യോഗേശ്വർ ദത്ത് രംഗത്തെത്തി. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അപമാനിക്കുന്ന നടപടിയാണ് പ്രക്ഷോഭകരുടേതെന്ന് പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളും പ്രതികരിച്ചു.
ജെ.എൻ.യുവിൽ ഇടത് വിദ്യാർത്ഥികൾ നടത്തിയ ദേശവിരുദ്ധ പ്രക്ഷോഭത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഗുസ്തി താരം യോഗേശ്വർ ദത്ത് രംഗത്തെത്തി. അഫ്സൽഗുരുവിനെ രക്തസാക്ഷിയാക്കുന്നവർ ലാൻസ് നായിക് ഹനുമന്തപ്പയെ എങ്ങനെ വിശേഷിപ്പിക്കുമെന്ന് യോഗേശ്വർ ദത്ത് ട്വിറ്ററിൽ കുറിച്ച കവിതയിൽ ചോദിക്കുന്നു. ജന്മനാടിനെ ഒറ്റുകൊടുക്കുന്ന ക്രൂരമായ നടപടിയാണ് പ്രക്ഷോഭകരുടേത്.
അഭിപ്രായ സ്വാതന്ത്ര്യം എന്നത് സ്വന്തം നാടിനെതിരെ പ്രക്ഷോഭം നടത്താനുളള അവകാശമല്ല. ഈ നാടിനെ ശിഥിലീകരിക്കാൻ ശ്രമിക്കുന്നവരെ പ്രകീർത്തിക്കുന്നത് അപമാനകരമാണ്. അഫ്സൽ ഗുരുവിനെപോലുള്ളവരെ വധിച്ച് ദേശത്തെ സൈന്യം രക്ഷിക്കുന്നു. എന്നാൽ നിങ്ങൾ ദേശവിരുദ്ധരെ ഉയർത്തെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു. ഭഗത് സിംഗിനും ചന്ദ്രശേഖർ ആസാദിനും ജന്മം നൽകിയ ഈ നാടുണരുവാൻ ഒരു തീപ്പൊരി മാത്രം മതി.
പേന പിടിക്കേണ്ട കൈകളിൽ തോക്ക് എടുക്കേണ്ട അവസ്ഥ ഉണ്ടാകരുത്. ഈ മണ്ണ് നിന്റേതാണ്. നമ്മുടേതാണ്. ഇവിടെ ജന്മമെടുത്ത നാമോരുത്തരും ഈ നാടിനെ സംരക്ഷിക്കണം, ആദരിക്കണം. അത് നാം ഓരോരുത്തരുടേയും കടമയാണെന്ന് വിദ്യാർത്ഥികളെ ഓർമപ്പെടുത്തിയാണ് യോഗേശ്വർ ദത്ത് കവിത നിർത്തുന്നത്. ട്വിറ്ററിലും ഫെയ്സുബുക്കിലും യോഗേശ്വർ ദത്തിനെ പിന്തുണച്ച് ഒട്ടേറെ പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം തീവ്രവാദികളെ രക്തസാക്ഷിയാക്കുന്ന ഇടത് വിദ്യാർത്ഥി സംഘടനകളുടെ നടപടി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ പ്രതികരിച്ചു. വിഷയത്തെ രാഷ്ട്രീയ വത്കരിക്കുവാനാണ് ഇപ്പോൾ ശ്രമമെന്ന് വീരമൃത്യു വരിച്ച എ.എസ്.ഐ നാനക് ചന്ദിന്റെ ഭാര്യ ഗംഗാദേവി ആരോപിച്ചു.