കൊല്ലം: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട് വീരമൃത്യ വരിച്ച കൊല്ലം മണ്‍ട്രോ തുരുത്ത് സ്വദേശി ലാന്‍സ് നായിക് ബി. സുധീഷിന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സുധീഷ് പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മണ്‍റോതുരുത്ത് ഗവ.എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ വീട്ടുകാരും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. ഇതിന് ശേഷം പൂര്‍ണ സൈനികബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിച്ചു.
അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജന്മനാട്ടിലെത്തിച്ചത്.
വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറയില്‍ ബ്രഹ്മപുത്രന്റെയും പുഷ്പവല്ലിയുടെയും മകനായ സുധീഷ് നുഴഞ്ഞുകയറ്റം തടയാന്‍ നിയുക്തരായ സംഘത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിലായിരുന്നു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം പതിവായ കശ്മീരില്‍ സുധീഷിന്റെ ബറ്റാലിയന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു കാഴ്ചവെച്ചത്. വടക്കുകിഴക്കന്‍ മേഖലയില്‍ ഓപ്പറേഷന്‍ റിനോയുടെ ഭാഗമായും സുധീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അസാമാന്യധൈര്യവും ഇച്ഛാശക്തിയുമാണ് സുധീഷിനെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. കായിക താരം കൂടിയായിരുന്നു സുധീഷ്.
ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ച്ചയിൽ മറ്റ് ഒൻപത് പേർക്കൊപ്പം ലാൻസ് നായിക് സുധീഷ് വീരമൃത്യു വരിച്ചത്.