ന്യൂഡല്‍ഹി: രാജ്യത്ത് പ്രളയസാദ്ധ്യത പ്രവചിക്കാന്‍ നൂറ് കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുമെന്ന് ജലവിഭവ മന്ത്രാലയത്തിന് കീഴിലുളള കേന്ദ്ര ജല കമ്മീഷന് അറിയിച്ചു. ഇതില്‍ രണ്ടെണ്ണം കേരളത്തിലാകും വരിക. രാജസ്ഥാനില്‍ 12 ഉം സിക്കിമില്‍ എട്ടും തമിഴ്നാട്ടില്‍ 14 ഉം കേന്ദ്രങ്ങള്‍ നിലവില്‍ വരും. തമിഴ്നാട്ടില്‍ അടക്കം പ്രളയം കെടുതികള്‍ വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
സ്ഥിരമായി മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ അറുപതോളം കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന നദികളെയും കൈവഴികളെയും കോര്‍ത്തിണക്കി 878 പ്രളയ മുന്നറിയിപ്പ് കേന്ദ്രങ്ങളാകും മൊത്തത്തില്‍ ഒരുക്കുക. 445 പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ആധുനീകവല്ക്കരിക്കുമെന്നും ജലവിഭവ കമ്മീഷന് വ്യക്തമാക്കി. സെന്‍സറിന്റെ സഹായത്തോടെ വിവരശേഖരണം നടത്തുന്ന സംവിധാനങ്ങളാകും ഇവിടെ ഏര്‍പ്പെടുത്തുക.
വെള്ളപ്പൊക്കം ഉണ്ടാകാനുളള സാദ്ധ്യത 72 മണിക്കൂര്‍ മുന്‍പെങ്കിലും പ്രവചിക്കാന്‍ കഴിയുന്നതാണ് ഈ കേന്ദ്രങ്ങള്‍. നിലവില്‍ കേരളത്തില്‍ ഈ സംവിധാനം നിലവില്‍ ഇല്ല. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി ഉണ്ടായ വെളളപ്പൊക്കം കനത്ത നാശം വിതച്ചിരുന്നു.