ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന വാര്‍ത്തകള്‍ ഡല്‍ഹി പൊലീസ് മേധാവി നിഷേധിച്ചു. കനയ്യ കുമാറിനെതിരേ അനിഷേധ്യമായ തെളിവുകള്‍ ഉണ്ടെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുക്കുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തതെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബസി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹി പൊലീസ് ആഭ്യന്തരമന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ കനയ്യ കുമാറിനെതിരേ വ്യക്തമായ തെളിവുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബസി ഡല്‍ഹി പൊലീസിന്റെ നിലപാട് വ്യക്തമാക്കിയത്.
കാമ്പസില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് പുറത്തുനിന്നുളള ചിലരുടെ പിന്തുണയോടെയാണെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇവരുടെ യഥാര്‍ഥ ഉദ്ദേശ്യമാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് അന്വേഷണം നടത്തുമ്പോള്‍ ആളുകള്‍ ഓരോ അനുമാനങ്ങളുമായി രംഗത്ത് വരികയാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന മറ്റ് വാര്‍ത്തകള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ബസിയുടെ പ്രതികരണം. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ വിധേയമാക്കുന്നുണ്ടെന്നും തീവ്രവാദ ബന്ധമുളള സ്രോതസ്സുകളില്‍ നിന്ന് ഇവര്‍ക്ക് പണം ലഭിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബസി നേരത്തെ പ്രതികരിച്ചിരുന്നു.