തലശേരി: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസിലെ പ്രതിയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന സിബിഐയുടെ അപേക്ഷ തലശേരി സെഷന്‍സ് കോടതി ഈ മാസം 23 ന് പരിഗണിക്കും. കേസില്‍ റിമാന്‍ഡിലായ ജയരാജനെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കേണ്ടതിനാലാണ് സിബിഐയുടെ അപേക്ഷ 23 ലേക്ക് മാറ്റിയത്.
ജയരാജനെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പഠിക്കാതെ ഒന്നും പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്. സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴെല്ലാം ജയരാജന് അസുഖവിവരം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന് കോടതിയില്‍ കീഴടങ്ങിയത്.
റിമാന്‍ഡ് ചെയ്ത് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചെങ്കിലും ജയിലിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ മറവില്‍ ജയരാജനെ ചികിത്സ ആവശ്യമുണ്ടെന്ന് കാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആദ്യം പരിയാരം മെഡിക്കല്‍ കോളജിലായിരുന്ന ജയരാജനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ അസുഖത്തിന്റെ പേരില്‍ ജയരാജന് നിയമനടപടികളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും സിബിഐ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജയരാജന്റെ ചികിത്സാവിവരങ്ങള്‍ സിബിഐ പരിശോധിച്ചുവരികയാണ്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയത് സിബിഐ പരിശോധിക്കുന്നുണ്ട്.