ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ച സുപ്രീംകോടതി ഉത്തരവിനെതിരേ ബാറുടമകള്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി തളളി. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയ നയം ശരിവെച്ചതിനെയാണ് ബാറുടമകള്‍ ചോദ്യം ചെയ്തത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുകയും ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളെ ഒഴിവാക്കുകയും ചെയ്തത് ഭരണഘടനയുടെ പതിന്നാലാം അനുച്ഛേദമനുസരിച്ച് തുല്യതയ്ക്കുളള അവകാശത്തിന്റെ ലംഘനമാണെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചതില്‍ വീഴ്ച പറ്റിയെന്നുമായിരുന്നു ബാറുടമകളുടെ വാദം. എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയം ഏകപക്ഷീയമാണെന്ന ബാറുടമകലുടെ വാദം കോടതി തള്ളി.
നയം നിയമവിരുദ്ധമോ യുക്തിരഹിതമോ അല്ലെന്നും മദ്യവില്പന മൗലിക അവകാശങ്ങളുടെ പരിധിയില്‍ വരില്ലെന്നും മദ്യവില്പന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബര്‍ 29 നാണ് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചത്.