ഡല്‍ഹി: രാജ്യത്തെ കേന്ദ്രസര്‍വ്വകലാശാലകളില്‍ ഇനി ദേശീയ പതാക ഉയരും. വിദ്യാര്‍ഥികളില്‍ ദേശീയബോധം ഉണ്ടാക്കുന്നതിനും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും കുറിച്ച് അവരെ ബോധവാന്‍മാരാക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം. ഫരീദാബാദില്‍ ചേര്‍ന്ന കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് യോഗം വിളിച്ചത്.
ക്യാമ്പസിന്റെ മദ്ധ്യഭാഗത്തായി പതാക ഉയര്‍ത്താനാണ് തീരുമാനം. രാജ്യവിരുദ്ധ മുദ്രാവാക്യത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചുകഴിഞ്ഞ ഡല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഉള്‍പ്പെടെ തീരുമാനം നടപ്പാക്കും. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധം ഉണ്ടാക്കാനും അവരെ ഉത്തരവാദപ്പെട്ട പൗരന്‍മാരാക്കി വളര്‍ത്താനും ലക്ഷ്യമിട്ട് ഗ്രാമങ്ങള്‍ ദത്തെടുക്കുന്ന പദ്ധതിയായ ഉന്നത ഭാരത് അഭിയാന്‍ കൂടുതല്‍ ശക്തിപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസം ചെലവുകുറഞ്ഞ രീതിയിലും സുതാര്യമായും ലഭ്യമാക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിക്കും. അദ്ധ്യാപകരുടെ കുറവും സൗകര്യങ്ങളുടെ അഭാവവും മറികടക്കാന്‍ രണ്ട് ഷിഫ്റ്റുകളായി അദ്ധ്യയനം ആരംഭിക്കും. കാലത്തിന് അനുസരിച്ച മാറ്റങ്ങളോടെ കൂടുതല്‍ വിഷയങ്ങളില്‍ കോഴ്‌സുകള്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
കേന്ദ്രസര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാഷാപരമായ പരിമിതികള്‍ മറികടക്കാന്‍ ഇംഗ്ലീഷിനൊപ്പം അതാത് സംസ്ഥാനങ്ങളില്‍ നിലവിലുളള ഭാഷയിലും നിര്‍ദ്ദേശങ്ങള്‍ നല്‍കും. സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ഫാക്കല്‍റ്റികള്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനായി നിലവിലെ സംവിധാനം മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു.















