ന്യൂഡല്‍ഹി: കശ്മീർ അടയാളപ്പെടുത്തിയതിൽ ഗുരുതര പിഴവ് വരുത്തിയ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനം. വിഷയം ഗൗരവമുള്ളതാണെന്ന് വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ് വ്യക്തമാക്കി.
ജമ്മുവിനെ പാകിസ്ഥാനിലും ജമ്മു കശ്മീരിനെ ചൈനയിലും ഉൾപ്പെടുത്തി ട്വിറ്റർ വൻ വിവാദത്തിനാണ് വഴിമരുന്നിട്ടത്. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിനെ ഇത്തരത്തിൽ രേഖപ്പെടുത്തിയതിലൂടെ ട്വിറ്ററിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്തെ ഉപയോക്താക്കളിൽ നിന്ന് ഉയരുന്നത്. ചർച്ച ആയതോടെ വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കുമന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു.
ഉപയോക്താക്കൾക്ക് ട്വീറ്റിനൊപ്പം സ്ഥലവും ടാഗ് ചെയ്യാനുള്ള അനുമതി നൽകിയതാണ് രാജ്യത്ത് ഒരിക്കലും അംഗീകരിക്കാനാകാത്ത തെറ്റ് ട്വിറ്ററിൽ കടന്നു കൂടാൻ കാരണമായത്. ഇന്ത്യയോടുള്ള വിവേചനമായും ഇന്ത്യക്കെതിരായ നീക്കമായും ഒക്കെ ഇത് വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു. വിമർശനങ്ങൾ കടുത്തതോടെയാണ് വിദേശ കാര്യ സെക്രട്ടറി വികാസ് സ്വരൂപ് വിഷയത്തെ ഗൗരവപരമായി കാണുന്നുവെന്ന് അറിയിച്ചത്.
രാജ്യത്തിനുള്ളിൽ ഇപ്പോൾനിലനിൽക്കുന്ന ദേശവിരുദ്ധപരമായ സംഭവവികാസങ്ങളുടെ കൂട്ടത്തിൽ തന്നെ പ്രശസ്തമായ സമൂഹമാധ്യമത്തിൽ നിന്നുള്ള ഇത്തരത്തിലുള്ള നീക്കമുണ്ടായതിനെ രാജ്യം വളരെ ജാഗരൂകമായാണ് നിരീക്ഷിക്കുന്നത്.