അമേരിക്കയിലെ റിപബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ക്രൈസ്തവനല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. മനുഷ്യർ തമ്മിൽ പാലം നിർമ്മിക്കുന്നതിന് പകരം മതിൽ നിർമ്മിക്കണമെന്ന് പറയുന്നവർ യഥാർത്ഥ ക്രിസ്ത്യാനിയല്ലെന്നായിരുന്നു പോപ്പിന്റെ പ്രസ്താവന. അതേസമയം തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഒരു മതനേതാവിനും അവകാശമില്ലെന്ന് ട്രംപ് പ്രതികരിച്ചു.
ആറ് ദിവസത്തെ മെക്സിക്കൻ സന്ദർശനം കഴിഞ്ഞ് മടങ്ങവെയാണ് പോപ്പിന്റെ പ്രസ്താവന. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടണമെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും പറയുന്ന ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാർപ്പാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിൽ താൻ ഇടപെടില്ല, എന്നാൽ ഇങ്ങനെ പറയുന്ന ഒരാൾ തീർച്ചയായും ക്രിസ്ത്യാനി ആവില്ലെന്ന് പോപ്പ് ചൂണ്ടിക്കാട്ടി. ട്രംപ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും അതിനാൽ സംശയത്തിന്റെ ആനുകൂല്യത്തിലാണ് താൻ ഇത് പറയുന്നതെന്നും മാർപ്പാപ്പ വ്യക്തമാക്കി.
അതേസമയം പോപ്പിന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്ന് ട്രംപ് പ്രതികരിച്ചു. ഒരു മതനേതാവ് മറ്റൊരു വ്യക്തിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് അപമാനകരമാണെന്നും ട്രംപ് പറഞ്ഞു. ഐഎസ് ഭീകരർ വത്തിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ഭീകരരിൽ നിന്ന് രക്ഷിക്കാൻ ട്രംപ് പ്രസിഡന്റാകേണ്ടിയിരുന്നുവെന്ന് മാർപ്പാപ്പ പ്രാർത്ഥിക്കുന്ന സമയം വരുമെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുടിയേറ്റക്കാരെ സംബന്ധിച്ച് ശക്തമായ സംവാദങ്ങൾ നടക്കവെയാണ് പോപ്പിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.