ശ്രീനഗര്‍: ജെഎന്‍യുവില്‍ നടന്ന അഫ്സല് ഗുരു അനുസ്മരണ പരിപാടിയിലും തുടര്‍ന്ന് നടന്ന സംഭവങ്ങളിലും രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന വാദം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. അഫ്സല് ഗുരുവിനെ അനുകൂലിച്ചും ജെഎന്‍യുവിന് നന്ദി പറഞ്ഞും ശ്രീനഗറില്‍ പ്രകടനം നടത്തിയ ഒരു സംഘം യുവാക്കള്‍ പാകിസ്ഥാന്റെയും ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിന്റെയും പതാകകള്‍ ഉയര്‍ത്തി.
അഫ്സല് ഞങ്ങളുടെ ഹീറോയാണ്, താങ്ക് യൂ ജെഎന്‍യു തുടങ്ങിയ വാചകങ്ങള്‍ എഴുതിയ ബാനറുകളുമായിട്ടാണ് ഇരുന്നൂറോളം പേര് വരുന്ന യുവാക്കളുടെ സംഘം ഒത്തുകൂടിയത്. എന്നാല്‍ പ്രകടനം ആരംഭിച്ചതോടെ പാകിസ്ഥാന്റെയും ഐഎസിന്റെയും പതാകകളും ഇവര്‍ ഉയര്‍ത്തുകയായിരുന്നു. ഐഎസ് പതാകയെ അനുസ്മരിപ്പിക്കുന്ന കറുത്ത തുണിയാണ് മറ്റ് മുദ്രാവാക്യങ്ങള്‍ എഴുതാനും പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്.
അഫ്സല് ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു നീങ്ങിയ സംഘം സുരക്ഷാസേനയ്ക്ക് നേരെ കല്ലെറിഞ്ഞതോടെ പൊലീസും പ്രകടനക്കാരും ഏറ്റുമുട്ടി. പൊലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ‘
അഫ്സല് ഗുരുവിനെ അനുകൂലിച്ചും കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു അഫ്സല് ഗുരുവിന്റെ മൂന്നാം ചരമദിനത്തില്‍ ജെഎന്‍യുവില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഇതിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ പരിപാടി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ശ്രീനഗറിലെ പ്രകടനത്തിനിടെ ഐഎസ് പതാക ഉയര്‍ന്ന സംഭവം ജെഎന്‍യുവിലെ പരിപാടി തീവ്രവാദ സംഘങ്ങളുടെ പിന്തുണയോടെ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ്.