മുംബൈ: വാഹനമിടിച്ച് ആളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ച സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
സല്‍മാനെതിരായ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്ന് ഹൈക്കോടതി ജഡ്ജി എ.ആര്.ജോഷി ചൂണ്ടിക്കാട്ടി. സല്‍മാന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു.
അപകടം നടന്ന ശേഷം പോലീസിന് നല്കിയ മൊഴിയില്‍ സല്മാന് മദ്യപിച്ചിരുന്നതായി പാട്ടീല്‍ പറഞ്ഞിരുന്നില്ല. പിന്നീട് മജിസ്ട്രേറ്റിന് നല്കിയ മൊഴിയിലാണ് പാട്ടീല്‍ മാറ്റിയ മൊഴി നല്‍കിയത്. ഇങ്ങനെ മാറ്റിപ്പറയുന്ന സാക്ഷിയെ വിശ്വസിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സല്‍മാനൊപ്പം കാറിലുണ്ടായിരുന്ന ഗായകന് കമാല്‍ ഖാനെ പ്രോസിക്യൂഷന് വിസ്തരിക്കാതിരുന്നതും തിരിച്ചടിയായി.
2002 സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. സല്മാന് ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ മെയ് ആറിനാണ് സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. അന്നുതന്നെ ഹൈക്കോടതിയില്‍നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.