കൊച്ചി: കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്തു. യുഎഇ ക്യാബിനറ്റ് കാര്യമന്ത്രിയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചേര്‍ന്നാണ് പദ്ധതിയുടെ ആദ്യഘട്ടം കാക്കനാട് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടം ഉദ്ഘാടനത്തിനൊപ്പം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തി.
2020ല്‍ സ്മാര്‍ട്ട് സിറ്റി പൂര്‍ത്തിയാക്കാനാകുമെന്നും, കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുകയെന്നത് ദുബായിലെ രീതിയാണെന്നും മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു.
അതേസമയം, പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഉദ്ഘാടനവേദിക്കു പുറത്ത് പ്രതിപക്ഷത്തോടൊപ്പം പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തു. ഭൂമിഇടപാടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സ്മാര്‍ട്ട്സിറ്റിയുടെ പേരില്‍ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഞങ്ങള്‍ സ്മാര്‍ട്ട് സിറ്റിക്ക് അനുകൂലമാണെന്നും, എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നതില്‍ വേണ്ടത്രെ ഇച്ഛാശക്തി കാണിച്ചിട്ടില്ലെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് കുറ്റപ്പെടുത്തി.
2005 സെപ്തംബറില്‍ യു.ഡി.എഫ് സര്‍ക്കാരും ടീകോമുമായുള്ള ധാരണാപത്രം ഒപ്പുവച്ചു. പിന്നീട് 2007ല്‍ വി.എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റി കരാറും ഒപ്പിട്ടു. 2013ലാണ് ആദ്യഘട്ടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.