ന്യൂഡൽഹി : നേപ്പാൾ എന്നും ഭാരതത്തിന്റെ വിശ്വസ്ത സുഹൃത്താണെന്ന് നേപ്പാൾ പ്രധാനമന്ത്രി ഖഡ്ഗപ്രസാദ് ശർമ്മ ഒലി പറഞ്ഞു . നേപ്പാളുമായി ഭാരതത്തിനുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുകയാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി .പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആറു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ശർമ്മ ഒലി ഇന്ത്യയിലെത്തിയത് .ജനാധിപത്യ പ്രക്രിയയിൽ നേപ്പാൾ വളരെ മുന്നോട്ട് പോയിട്ടുണ്ടെന്ന് സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു .
സൗഹൃദം സുദൃഢമാക്കുന്നതിനും നേപ്പാളിന്റെ വികസനത്തിനുമായി ഇരു രാജ്യങ്ങളും7 കരാറുകളിലാണ് ഒപ്പുവച്ചത്. ഭൂമികുലുക്കത്തിൽ തകർന്ന നേപ്പാളിന്റെ പുനർനിർമ്മാണത്തിനുള്ള കരാറിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജും നേപ്പാൾ വിദേശകാര്യമന്ത്രി കമൽ ഥാപ്പയും ഒപ്പിട്ടു . നേപ്പാൾ തെരായി മേഖലയിലെ റോഡ് വികസനത്തിനായും കരാർ ഒപ്പിട്ടുണ്ട്. സാംസ്കാരിക മേഖലയിലുള്ള സഹകരണത്തിനും റെയിൽ വികസനത്തിനുമുള്ള ധാരണാ പത്രങ്ങളും ഒപ്പിട്ടവയിൽ ഉൾപ്പെടുന്നു.
പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം ശർമ്മ ഒലിയുടെ ആദ്യ വിദേശ സന്ദർശനമാണ് ഭാരതത്തിലേത് . നേപ്പാളിന്റെ ഭരണഘടനയുമായി ബന്ധപ്പെട്ട് മധേശി ജനത നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഉലച്ചിൽ തട്ടിയിരുന്നു. നേപ്പാൾ ചൈനയോട് അടുക്കുന്നതായുള്ള പ്രചാരണങ്ങളും ഉയർന്നിരുന്നു . എന്നാൽ ഭാരതം തങ്ങളുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്‌ട്രമാണെന്ന് തെളിയിച്ചു കൊണ്ടാണ് ശർമ്മ ഒലിയുടെ സന്ദർശനം പുരോഗമിക്കുന്നത്.















