കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാഴ്വാക്കാകുന്നു. ജനസമ്പര്‍ക്കപരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും സഹായമൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല എന്ന് കിട്ടുമെന്ന് പോലും അധികൃതര്‍ക്കും അറിയില്ല.
സംസ്ഥാനസര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്കി സഹായവും പ്രതീക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് പേരില്‍ ഒരാളാണ് പുരുഷോത്തമന് പിള്ള. പ്രമേഹബാധിതനായി ഒരു കാല് മുറിച്ചു മാറ്റിയ ഇദ്ദേഹം ചികിത്സാ ചിലവുകള്‍ താങ്ങാനാകാതെ വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്നത്. എന്നാല്‍ അപേക്ഷ നല്കി മാസം എട്ട് കഴിഞ്ഞിട്ടും ധനസഹായം കിട്ടിയില്ലെന്ന് മാത്രമല്ല എന്ന് കിട്ടുമെന്ന കാര്യവും അവ്യക്തമാണ്.
ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷയുടെ പുരോഗതി അറിയാന്‍ ഓഫീസുകള്‍ പലകുറി കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരും കൈമലര്‍ത്തുന്നു. അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി മുകളിലേക്കയച്ചിട്ടുണ്ടെന്ന ഒരു കത്ത് മാത്രമാണ് ഇതു വരെ ലഭിച്ചത്. തെരഞ്ഞെടുപ്പ് കൂടി അടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിട്ടുണ്ട്. വിജ്ഞാപനം വരുന്ന പക്ഷം ധനസഹായം നല്കാന് സാധിക്കില്ലെന്നതിനാലാണിത്.
അതേസമയം ജില്ലയിലും സംസ്ഥാനത്തൊട്ടാകെയും വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അപേക്ഷ നല്കി കാത്തിരിക്കുന്ന നിരവധി പേര് ഇനിയുമുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്‍ തെരഞ്ഞെടുപ്പിന് ശേഷം ഭരണ മാറ്റമുണ്ടാകുന്ന പക്ഷം പുതുതായി വരുന്നവര്‍ ജനസമ്പര്ക്കപദ്ധതി തുടര്‍ന്നേക്കില്ലെന്ന ആശങ്കയുമുണ്ട്.