പത്തനംതിട്ട: ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ കോട്ടപ്പാറ വിളക്ക് കല്ലുമല തകര്‍ക്കാന്‍ ക്വാറി മാഫിയയുടെ നീക്കം. ഇവിടെ അനധികൃതഖനനത്തിനെത്തിയ ക്വാറിമാഫിയയെ നാട്ടുകാര്‍ തടയുകയായിരുന്നു. ക്വാറിയുടെ പണി ആരംഭിക്കാനെത്തിയ സംഘത്തെയാണ് നാട്ടുകാര്‍ തടഞ്ഞത്.
പെരുനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് കോട്ടപ്പാറ വിളക്ക് കല്ലുമല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിരിക്കുന്ന ഈ മലയാണ് റാന്നി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയ തകര്‍ക്കാനെത്തിയത്.
ശബരിമല മകരവിളക്കിനോട് അനുബന്ധിച്ച് പൂജ നടത്തുന്ന മലയാണ് വിളക് കല്ലുമല. പുരാതന ക്ഷേത്ര അവശിഷ്ടങ്ങള്‍ ഇപ്പോഴും ഈ മലമുകളില്‍ ഉണ്ട്. നാട്ടുകാര്‍ പാവനമായി കാണുന്ന ഇവിടെ ക്വാറി മാഫിയ എത്തിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടെന്ന് പ്രദേശവാസികള്‍ സംശയം പ്രകടിപ്പിക്കുന്നു.
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും 2 കിലോമിറ്ററില്‍ താഴെ മാത്രമാണ് ഇവിടേക്കുളള ദൂരം. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം ക്വാറിമാഫിയക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കണ്ണ് വെച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നു.