ന്യൂഡല്‍ഹി: നിയമത്തിന് മറുപടി പറയാത്ത രാജ്ഞിയുടെ ഏകാധിപത്യം ഭാരതം ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകള്‍ ആണെന്നും ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും സോണിയാഗാന്ധി പറഞ്ഞിരുന്നു. ഇതിന് ഫെയ്സ്ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു ജെയ്റ്റ്ലി.
എന്തുകൊണ്ട് കോണ്‍ഗ്രസിന് തെറ്റുപറ്റുന്നുവെന്ന ചോദ്യത്തോടെയായിരുന്നു ജെയ്റ്റ്ലി ലേഖനം തുടങ്ങിയത്. പാര്‍ലമെന്റ് തടസപ്പെടുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധി വിഷയം കോടതിയില്‍ ഉന്നയിക്കുകയാണ് ചെയ്യേണ്ടതെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോ പാര്‍ലമെന്റിനോ ഒന്നും ചെയ്യാന്‍ കഴിയില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ നേരത്തെ സമന്‍സ് അയച്ചതിനെതിരേ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഹര്‍ജി നിരസിച്ചതിനെ തുടര്‍ന്നാണ് വിചാരണക്കോടതിയില്‍ ഹാജരാകാമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് മാറിയതെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഗീബല്‍സിന്റെ തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നതെന്നും രാഷ്ട്രീയ വിരോധം തീര്ക്കുകയാണെന്നുമുള്ള കോണ്‍ഗ്രസിന്റെ ആരോപണവും ജെയ്റ്റ്ലി നിഷേധിച്ചു. നിരവധി സാമ്പത്തിക ഇടപാടുകളിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം ചക്രവ്യൂഹം തീര്‍ത്തിരിക്കുകയാണ്.
വിഷയത്തെ നിയമപരമായി നേരിടുകയാണ് ചെയ്യേണ്ടത്. ഇത്തരം നിയമയുദ്ധങ്ങളുടെ അന്തിമഘട്ടം മുന്‍കൂട്ടി പറയാനാകാത്ത വിധം അനിശ്ചിതത്വത്തിലായിരിക്കും. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ വിരോധമാണെന്ന് കോണ്‍ഗ്രസ് വിളിച്ചുകൂവുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു