ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ നാളെ ഡല്‍ഹിയിലേക്ക് പോകും. കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ഡല്‍ഹിയിലേക്ക് പോകുക. ആലപ്പുഴയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
ആരൊക്കെ മത്സരിക്കണമെന്നും ആരൊക്കെ മാറി നില്‍ക്കണമെന്നും ഉള്‍പ്പെടെയുളള കാര്യങ്ങളാകും പാര്‍ട്ടി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയാകുക. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിനാല്‍ ഉമ്മന്‍ചാണ്ടി തന്നെ ഇക്കുറിയും യുഡിഎഫിനെ നയിക്കാനാണ് സാദ്ധ്യത. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പാണ് ഉള്ളത്.
വി.എം സുധീരനെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചയാകും. സുധീരന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരുപോലെ അതൃപ്തിയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഘടകകക്ഷികള്‍ക്കിടയിലും ശക്തമാണ്. അങ്ങനെയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യവും തര്‍ക്കമാകും. പക്ഷെ ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യവുമായി ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ദോഷം ചെയ്യുമെന്നാണ് എ ഗ്രൂപ്പ് വാദിക്കുന്നത്.