കോട്ടയം: കഴിഞ്ഞ അഞ്ച് കൊല്ലമായി ചേരയെയും മൂര്‍ഖനെയും ഒരു കുട്ടയിലിട്ട് ചുമക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മിടുക്കനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മൂര്‍ഖനും അണലിയും എല്ലാം മന്ത്രിസഭയിലുണ്ട്. ഇവരെല്ലാം ഇടയ്ക്കിടെ കൊത്തു കൂടാറുമുണ്ട്. എന്നാല്‍ കൊത്തേല്‍ക്കാതെ മെയ്വഴക്കത്തോടെ ഒഴിഞ്ഞുമാറി ഇത്രയും നാള് ഇവരെ കൊണ്ടുപോയത് ഉമ്മന്‍ചാണ്ടിയുടെ മിടുക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലെ ശിവഗിരി തീര്‍ഥാടനാനുമതി സ്മാരക പവലിയന്റെ ശിലാന്യാസച്ചടങ്ങിന് മുന്നോടിയായിട്ടായിരുന്നു വെളളാപ്പള്ളിയുടെ പ്രതികരണം. കൊല്ലത്ത് ആര്. ശങ്കര്‍ പ്രതിമാ അനാശ്ചാദനച്ചടങ്ങില് മുഖ്യമന്ത്രിയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് വെളളാപ്പളളി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ നയം പറയാന്‍ താന്‍ ആളല്ലെന്നും താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി മാത്രമാണെന്നും വെളളാപ്പളളി പറഞ്ഞു. ബിഡിജെഎസ് തന്റെ പാര്‍ട്ടിയല്ല. സമത്വമുന്നേറ്റ യാത്രയുടെ ഫലമായി ഉണ്ടായതാണ്. ബിജെപിയുമായി നിലവില്‍ ധാരണ ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പളളി കൂട്ടിച്ചേര്‍ത്തു.