സിറിയയിലെ ദമാസ്ക്കസിലും ഹോംസിലും ഉണ്ടായ സ്ഫോടന പരമ്പരയിൽ 150 ലേറെ പേർ കൊല്ലപ്പെട്ടു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. അതിനിടെ, സിറിയയിലെ വെടിനിർത്തലിൽ റഷ്യയുമായി ധാരണിലെത്തിയതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി അറിയിച്ചു.
ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിൽ സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ആണ് സ്ഫോടന പരമ്പര ഉണ്ടായത്. ഷിയാ വിഭാഗക്കാരുടെ മേഖലയിലാണ് സ്ഫോടനങ്ങൾ നടന്നത്. കാർ ബോംബ് സ്ഫോടനവും രണ്ട് ചാവേർ ആക്രമണങ്ങളും ഉണ്ടായി. ദമാസ്ക്കസിലെ തിരക്കേറിയ മാർക്കറ്റിലായിരുന്നു ആദ്യ സ്ഫോടനം.
ഇതിന് പിന്നാലെ പ്രദേശത്ത് നാല് സ്ഫോടനങ്ങൾ നടന്നു. തൊട്ടുപിന്നാലെ ഹോംസിലും സ്ഫോടനം ഉണ്ടായി. കുട്ടികളടക്കം പരിക്കേറ്റവരുടെ നില ഗുരുതരമാണ്. നിരവധി വാഹനങ്ങളും കടകളും സ്ഫോടനത്തിൽ തകർന്നു. അതെ സമയം, വെടിനിർത്തൽ സംബന്ധിച്ച് റഷ്യയുമായി ധാരണിലെത്തിയതായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി പറഞ്ഞു.വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ യോജിച്ച പ്രവർത്തനം വേണമെന്നും കെറി അഭിപ്രായപ്പെട്ടു.
അതിനിടെ തുർക്കിക്ക് വിമർശനവുമായി അമ്നിസ്റ്റി ഇന്റർനേഷണൽ രംഗത്തെത്തി. ആഭ്യന്തര യുദ്ധത്തിൽ പരുക്കേറ്റ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച സിറിയയിൽ നിന്നുള്ളവരെ തുർക്കി തടഞ്ഞിരുന്നു, പരുക്കേറ്റ് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചവരെ തടഞ്ഞത് മനുഷത്വരഹിതമെന്നും അമ്നിസ്റ്റി ഇന്റർനേഷണൽ പറഞ്ഞു.