ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുകയും ചെയ്തതിന് ഡല്‍ഹി പൊലീസ് തേടിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ സുഖവാസം. ഞായറാഴ്ച വൈകിട്ട് ഇവരെ അനുകൂലിക്കുന്നവര്‍ ക്യാമ്പസില്‍ നടത്തിയ കൂട്ടായ്മയില്‍ ഈ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നതിന്റെയും പ്രസംഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു സുഹൃത്തുക്കളും സര്‍വ്വകലാശാല അധികൃതരും ഇതുവരെ പറഞ്ഞിരുന്നത്.
ജെഎന്‍യുവിലെ വിവാദമായ പരിപാടിയുടെ പേരില്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകനായ ഉമര്‍ ഖാലിദിനെക്കൂടാതെ പരിപാടിക്ക് ചുക്കാന്‍ പിടിച്ച അനിര്‍ബാന്‍, അശുതോഷ്, രാമനാഗ, ആനന്ദ് പ്രകാശ് തുടങ്ങിയ വിദ്യാര്‍ഥികളും ക്യാമ്പസില്‍ തന്നെയുണ്ടെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സര്‍വ്വകലാശാലയിലെ ഒരു സംഘം ഇടത് വിദ്യാര്‍ഥികളാണ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത്. പുറമേ നിന്നുളള സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചന.
ഫെബ്രുവരി ഒന്‍പതിന് നടന്ന പരിപാടിക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് കേസെടുത്തതും വിദ്യാര്‍ഥികള്‍ ഒളിവില്‍ പോയതും. ഇവര്‍ എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് വേട്ടയാടുമെന്ന് ഭയന്ന് ഒളിവില്‍ പോയെന്നുമായിരുന്നു സുഹൃത്തുക്കളുടെയും സര്‍വ്വകലാശാല അധികൃതരുടെയും വിശദീകരണം. ഉമര്‍ ഖാലിദിന്റെ പിതാവ് ഉള്‍പ്പെടെയുളളവര്‍ ഇതേ രീതിയിലുളള പ്രതികരണമായിരുന്നു നടത്തിയിരുന്നത്. ഇതിനൊടുവിലാണ് സര്‍വ്വസുഖങ്ങളോടും കൂടി ക്യാമ്പസിനുളളില്‍ തന്നെയായിരുന്നു ഇവരുടെ ഒളിജീവിതമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ പൊലീസിന് നിയന്ത്രണമുളളതിനാലാണ് ഒളിജീവിതത്തിന് ക്യാമ്പസ് തന്നെ ഇവര്‍ തെരഞ്ഞെടുത്തത്.
ഇന്നലെ വൈകിട്ട് ക്യാമ്പസില്‍ സംഘടിപ്പിച്ച ഇടത് അനുകൂല വിദ്യാര്‍ഥി കൂട്ടായ്മയെ ഉമര്‍ ഖാലിദ് അഭിസംബോധന ചെയ്യുകയും ചെയ്തു. ജീവനില്‍ ഭയമുളളതിനാലാണ് ഒളിവില്‍ കഴിയുന്നതെന്നായിരുന്നു ഉമര്‍ ഖാലിദിന്റെ വിശദീകരണം. തനിക്കെതിരായ കുറ്റങ്ങള്‍ പരിഹാസ്യമാണെന്ന് പറഞ്ഞ് പ്രസംഗത്തിനിടെ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. രാജ്യസ്നേഹം പറയുന്നവര്‍ തങ്ങളെ ഭയപ്പെടുന്നുണ്ടെന്നും തങ്ങളുടെ സമരത്തെയും ചിന്താഗതിയെയും ഭയപ്പെടുന്നുണ്ടെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
അതേസമയം രാജ്യത്ത് ഇത്രയധികം പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ട വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒളിവില്‍ കഴിയാന്‍ സഹായിച്ച ജെഎന്‍യു അധികൃതര്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.