ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തടസമില്ലാതെ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ. കേന്ദ്രസര്‍ക്കാരിന് വേണ്ടി പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുസ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീയ കക്ഷികള്‍ പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ജെഎന്‍യുവില്‍ നടന്ന സംഭവവും സംവരണ പ്രക്ഷോഭവും ഉള്‍പ്പെടെ ഏത് കാര്യവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.
തുടര്‍ച്ചയായി സഭാ സമ്മേളനങ്ങള്‍ തടസപ്പെടുന്നതിലൂടെ പൊതുജനങ്ങളുടെ മനസില്‍ പാര്ലമെന്റിനെക്കുറിച്ചുളള പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടുകയാണെങ്കില്‍ ബില്ലുകള്‍ പാസാക്കാനും മറ്റും സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ നിലപാട്.
ചരക്കു സേവന നികുതി ബില്‍, റിയല്‍ എസ്റ്റേറ്റ് ബില്‍ എന്നിവ അടക്കം സുപ്രധാന ബില്ലുകളാണ് നാളെ ആരംഭിയ്ക്കുന്ന സമ്മേളനത്തിന്റെ പരിഗണനയ്ക്ക് എത്തുക. രാഷ്ട്രപതി പ്രണബ് മൂഖര്‍ജി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങളോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കും.
ഇത്തവണത്തെ റെയില്‍വെ ബജറ്റ് 25 നും പൊതുബജറ്റ് 29 നും ആണ് അവതരിപ്പിക്കുക. സാമ്പത്തിക സര്‍വ്വെ 26 ന് ഇരുസഭകളിലും മേശപ്പുറത്ത് വെക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മാര്‍ച്ച് 13 വരെ നീളും.