ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ സിപിഎം സഖ്യത്തെ അനുകൂലിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനെത്തിയതായിരുന്നു അദ്ദേഹം.
ബംഗാളിലെ സഖ്യത്തെ അനുകൂലിച്ചോ എതിര്‍ത്തോ ഇതുവരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകവും കേന്ദ്രനേതൃത്വവും അവിടുത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് വേണം പ്രവര്‍ത്തിക്കാനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിജെപിയെ എതിര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മുമായി സഖ്യമാകുന്നതില്‍ തെറ്റില്ലെന്ന് പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി.
സഖ്യത്തെ കേരളത്തിലെ സിപിഎം നേതാക്കള്‍ ഭൂരിപക്ഷവും എതിര്‍ത്തെങ്കിലും വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും ഇതിനെ അനൂകൂലിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസുമായി പ്രാദേശിക നീക്കുപോക്ക് ആകാമെന്ന് സിപിഎം കേന്ദ്രകമ്മറ്റി തീരുമാനിച്ചിരുന്നു.