തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊങ്കാലയോടനുബന്ധിച്ച് രാത്രി എട്ട് മണി വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിമുതല്‍ തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും.
നഗരാതിര്‍ത്തിക്കുള്ളില്‍ വലിയ വാഹനങ്ങള്‍, തടി ലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍ എന്നിവ പ്രവേശിക്കുന്നതിനും നിരത്തുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുവദിക്കില്ല. ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും കാര്യവട്ടം ശ്രീകാര്യം വഴിയോ മുക്കോലക്കല്‍ കുളത്തൂര്‍ ശ്രീകാര്യം വഴിയോ വന്ന് കേശവദാസപുരം പട്ടം പിഎംജി മ്യൂസിയം വെള്ളയമ്പലം വഴുതക്കാട് പുജപ്പുര കരമന വഴിയും പേരൂര്‍കട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ഊളമ്പാറ പൈപ്പിന്‍മൂട് ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര കരമന വഴിയുമാണ് പോകേണ്ടത്.
നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം ഭാഗത്തു നിന്നും തിരിഞ്ഞ് ഉച്ചക്കട മുക്കോല വിഴിഞ്ഞം വഴി ബൈപ്പാസ് വഴിയോ ബീച്ച് റോഡ് വഴിയോ പോകാവുന്നതാണ്.
മൂവായിരത്തി അഞ്ഞൂറിലധികം പോലീസുദ്യോഗസ്ഥരെ നഗരത്തില്‍ പൊങ്കാല ഡ്യൂട്ടിക്കായി നിയോഗിച്ചു. കൂടാതെ ദുരന്ത നിവാരണ സേന, ദ്രുതകര്‍മ്മ സേന, കമാന്‍ഡോ വിഭാഗം, 30 ഷാഡോ പോലീസുകാര്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്ന് എസ്പിമാരുടെ മേല്‍നോട്ടത്തില്‍ 18 ഡിവൈഎസ്പിമാരാണ് വിവിധ സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ക്ഷേത്രവും പരിസരവും പൂര്‍ണമായും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മോഷണ ശ്രമങ്ങള്‍ തടയാന്‍ പ്രത്യേക പരിശീലനം നേടിയ വനിത ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് തടയാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ബാധകമാക്കി നേരത്തെ ഉത്തരവിറങ്ങിയിരുന്നു. പൊങ്കാല ഉല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 2800 ജീവനക്കാരെ നഗരസഭയും നിയോഗിച്ചിട്ടുണ്ട്.