ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാമത് സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഫെബ്രുവരി 25ന് കേന്ദ്ര റെയില്‍ ബജറ്റും 29ന് പൊതുബജറ്റും ലോക്‌സഭയില്‍ അവതരിപ്പിക്കും.
2016-17 ധനകാര്യബില്‍, തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍, ബയോടെക്‌നോളജി ബില്‍, ശത്രു ആസ്തി ഭേദഗതി ബില്‍ തുടങ്ങിയ ബില്ലുകളാണ് ബജറ്റ് സെഷനില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ ലോകായുക്താ – ലോക്പാല്‍ നിയമം പാസാക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക്‌സഭ പാസാക്കി രാജ്യസഭയുടെ പരിഗണനയ്‌ക്ക് കിടക്കുന്ന ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ടുള്ള 122-ാം ഭരണഘടനാ ഭേദഗതി ബില്‍, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ബില്‍, വ്യാവസായിക വികസന ഭേദഗതി ബില്‍, അപ്രീസിയേഷന്‍ ബില്‍, ദേശീയ ജലപാത ബില്‍, സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പള വ്യവസ്ഥാ പുനര്‍നിര്‍ണ്ണയ ബില്‍ എന്നിവയും ബജറ്റ് സമ്മേളനത്തില്‍ പാസാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
ബജറ്റ് സെഷന്റെ ആദ്യപാദത്തില്‍ ബജറ്റ് അവതരണവും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാനും രണ്ടാം ഘട്ടമായ ഏപ്രില്‍ 25 മുതല്‍ മെയ് 13 വരെ ബില്ലുകള്‍ പാസാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ജെഎന്‍യു വിഷയം, ഹൈദരാബാദ് സര്‍വ്വകലാശാല വിഷയം, സംവരണ പ്രശ്‌നം, ജമ്മുകശ്മീരിലെയും പഞ്ചാബിലെയും ഭീകരാക്രമണങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്തു.
ബജറ്റ് സമ്മേളനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പ് പ്രതിപക്ഷ കക്ഷികള്‍ സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. രാജ്യവികസനത്തിന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും സമാധാനവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ കര്‍ത്തവ്യമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയ 26 പാര്‍ട്ടികളിലെ 40ലേറെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.