തിരുവനന്തപുരം: ദേവീമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലില്‍ നിന്നുള്ള അഗ്നി ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്. മണിക്കൂറുകളായി ദേവീശ്ലോകങ്ങള് ഉരുവിട്ട് കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ ഈ അഗ്നി ഏറ്റുവാങ്ങി അടുപ്പുകളിലേക്ക് പകര്‍ന്നതോടെ അനന്തപുരി യാഗശാലയായി മാറി.
ഭക്തലക്ഷങ്ങളാണ് കഠിനവ്രതം നോറ്റ് ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ഇക്കുറിയും എത്തിയത്. ക്ഷേത്രത്തിന് കിലോമീറ്ററുകള്‍ അകലെ വരെ പൊങ്കാല അടുപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പൊങ്കാല നിവേദിക്കുന്നത്.
ഇന്നലെ തന്നെ ക്ഷേത്രപരിസരം പൊങ്കാലയ്്ക്ക് എത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. വിപുലമായ സൗകര്യങ്ങളാണ് പൊങ്കാലയ്ക്കായി ഒരുക്കിയിട്ടുളളത്. ഭക്തര്‍ക്ക് അന്നദാനവും മറ്റ് സൗകര്യങ്ങളും ഒരുക്കി റസിന്റ്സ് അസോസിയേഷനുകളും സന്നദ്ധസംഘടനകളും സജീവമാണ്.