ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ദേശവിരുദ്ധമുദ്രാവാക്യം വിളിച്ചവര്‍ക്കൊപ്പം ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറും ഉണ്ടായിരുന്നുവെന്ന് ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്. പരിപാടിയുടെ വീഡിയോദൃശ്യങ്ങളും ദൃക്സാക്ഷികളുടെ വാക്കുകളും ഉദ്ധരിച്ചാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കുകയും ക്യാമ്പസില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ കനയ്യ കുമാറിന് മേല്‍ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കനയ്യയ്ക്കെതിരേ തെളിവില്ലെന്നും പൊലീസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിപാടിയില്‍ കനയ്യയുടെ സജീവ സാന്നിദ്ധ്യം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
അഫ്സല് ഗുരുവിന്റെ മൂന്നാം ചരമദിനവുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ സംഘടിപ്പിച്ച പരിപാടിയുടെ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മാത്രമായിരുന്നു പൊലീസിന്റെ കൈവശം ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കനയ്യയെ രക്ഷിക്കാന്‍ ശ്രമം നടന്നത്.
അതിനിടെ കനയ്യയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. പുതിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കനയ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ പൊലീസ് ശക്തമായി എതിര്‍ത്തു. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കണമെന്നും ഡല്‍ഹി പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.