കോഴിക്കോട്: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് പിണറായി വിജയന്റെ ഭീഷണി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി.
ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ആശുപത്രിക്കിടക്കയില്‍ വെച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണം. ദീര്‍ഘകാലം ചികിത്സ വേണ്ടി വരുന്ന ജയരാജനെ കസ്റ്റഡിയില്‍ കിട്ടിയാലേ കഴിയൂ എന്ന വാശി അംഗീകരിക്കാവുന്നതല്ല .അത് ഉപേക്ഷിക്കുന്നതാണ് സിബഐയ്ക്ക് നല്ലതെന്നും പിണറായി പറഞ്ഞു. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. താന്‍ ആശുപത്രിയിലെത്തി ജയരാജനുമായി സംസാരിച്ചതുപോലെ സിബിഐയ്ക്കും നടപടികള്‍ പൂര്ത്തിയാക്കാവുന്നതേയുള്ളൂവെന്നും പിണറായി പറഞ്ഞു.
അതേസമയം ജയരാജനെ സിബിഐ ചോദ്യം ചെയ്താലുണ്ടാകാവുന്ന പ്രത്യാഘാതം ഭയന്നാണ് പിണറായിയുടെ അഭിപ്രായമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ജയരാജന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സിബിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന പ്രചാരണം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടും സിപിഎം പരസ്യമായി പ്രകടിപ്പിച്ചത്.