തലശേരി: വിപ്ലവ പാര്‍ട്ടിയുടെ നേതാവ് സിബിഐയുടെ ചോദ്യം ചെയ്യലിനെ എന്തിന് ഭയക്കുന്നുവെന്ന് കോടതി. കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ പി. ജയരാജനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സിബിഐയുടെ അപേക്ഷയിന്മേലുളള വാദത്തിലാണ് തലശേരി സെഷന്‍സ് കോടതി ഈ ചോദ്യം ഉന്നയിച്ചത്.
പലവട്ടം വിളിപ്പിച്ചിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാത്ത ജയരാജന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജയരാജന് വൈദ്യശാസ്ത്രപരമായി ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മാനസിക പ്രശ്നങ്ങളാകാം അദ്ദേഹത്തിന്റെ നെഞ്ച് വേദനയ്ക്ക് കാരണമെന്നും സിബിഐ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചു.
കേസ് ഡയറി ഹാജാരാക്കാന്‍ വൈകുന്നതിനെയും കോടതി ചോദിച്ചു. വീണ്ടും കേസ് പരിഗണിക്കുന്ന 29 ന് മുന്‍പ് കേസ് ഡയറി ഹാജരാക്കുമെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡ്വ. എസ്. കൃഷ്ണകുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ അപേക്ഷയില്‍ 29 ന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ സിബിഐ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് പി. ജയരാജന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതിയും കീഴ്ക്കോടതിയും തളളുകയായിരുന്നു. തുടര്‍ന്ന് തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ ജയരാജനെ കോടതി ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ ജയിലിലെത്തിയ ജയരാജന് നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു.