ന്യൂഡല്‍ഹി: പ്രതിഷേധത്തിന്റെ പേരില്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. സംവരണം ആവശ്യപ്പെട്ട് സമരം ചെയ്ത പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തിയ സമരത്തിനിടെ വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് നിലവില്‍ ഹരിയാനയിലും മറ്റും സംവരണപ്രക്ഷോഭം നടത്തുന്ന ജാട്ട് സമുദായങ്ങള്‍ക്കും ശക്തമായ മുന്നറിയിപ്പാണ്. ഒരാഴ്ചയിലധികമായി തുടരുന്ന ജാട്ട് സമരത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഹര്‍ദിക്കിന്റെ ഹര്‍ജി നേരത്തെ പരിഗണിക്കവേ പൊതുമുതലിന് നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം.
രാഷ്ട്രീയ പാര്‍ട്ടികളായാലും വ്യക്തികളായാലും പ്രക്ഷോഭത്തിന്റെ പേരില്‍ നശിപ്പിക്കാനുളളതല്ല പൊതുമുതലെന്ന് മനസിലാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരിടുന്ന നഷ്ടങ്ങള്‍ ഉത്തരവാദികളായവര്‍ തന്നെ നികത്തേണ്ടതുണ്ടെന്നും ജസ്റ്റീസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.