തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തര്‍ക്കവും അഭിപ്രായ ഭിന്നതയും മറനീക്കി പുറത്തുവരുന്നു. മുന്നണിയില്‍ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ ജോസഫ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ജോസഫ് വിഭാഗത്തിനായി മാണി നീക്കിവെച്ചിരിക്കുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി ഉയര്‍ത്താനുളള നീക്കവും ജോസഫ് വിഭാഗം നേതാക്കളില്‍ അതൃപ്തിക്ക് വഴിവെച്ചിരുന്നു. ബാര്‍ കോഴക്കേസില്‍ മാണി രാജിവെയ്ക്കുന്ന ഘട്ടത്തില്‍ ഉടലെടുത്ത ഭിന്നതയാണ് ഇപ്പോള്‍ പരസ്യമായ ഭിന്നതയില്‍ എത്തിച്ചിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ രാജിവെയ്ക്കാന്‍ നിര്ബന്ധിതനായപ്പോള് പി.ജെ ജോസഫിനെയും രാജിവെപ്പിച്ച് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാന്‍ മാണി ശ്രമിച്ചിരുന്നു. എന്നാല്‍ മാണി ചെയ്ത കുറ്റത്തിന് താന്‍ ബലിയാടാകാനില്ലെന്ന് പറഞ്ഞ് പി.ജെ ജോസഫ് ഒഴിയുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ജോസഫിന്റെ നിലപാട് മാണിക്ക് അംഗീകരിക്കേണ്ടിയും വന്നു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നില്ലെന്ന ആരോപണം ജോസഫിനും കൂട്ടര്‍ക്കുമെതിരേ മാണിയുടെ വിശ്വസ്തര്‍ അന്നു മുതലേ ഉന്നയിക്കുന്നുണ്ടായിരുന്നു.
മാണിയുടെ ഏകാധിപത്യ സ്വഭാവത്തിനെതിരേ കുറച്ചുനാളുകളായി ജോസഫ് വിഭാഗം നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടായിരുന്നു. ഒപ്പമുളളവരുടെ സമ്മര്‍ദ്ദമാണ് പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ ജോസഫിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.
പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് പി.സി ജോര്‍ജിന്റെ ഗതിയായിരിക്കും വരികയെന്ന മാണിയുടെ വാക്കുകളും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകാനായിരിക്കും യുഡിഎഫ് നേതൃത്വത്തിന്റെ ശ്രമം.