ചെന്നൈ : ജെ എൻ യു വിലെ രാജ്യദ്രോഹ വിഷയത്തിൽ മദ്രാസ് ഐ ഐ ടി അദ്ധ്യാപകർ രാഷ്ട്രപതിക്ക് കത്തയച്ചു . ഭിന്നാഭിപ്രായത്തിന്റെ പേരിൽ രാഷ്ട്രത്തെ നശിപ്പിക്കുമെന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അറുപതോളം അദ്ധ്യാപകരാണ് രാഷ്ട്രപതിക്ക് കത്തയച്ചത് .
ഇത്തരം മുദ്രാവാക്യങ്ങൾ ഒരു ക്യാമ്പസിലും സർവകലാശാലയിലും ഉയർത്താൻ പാടുള്ളതല്ലെന്നും രാഷ്ട്രപതിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു . രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ യുദ്ധ മേഖലയായി മാറുന്നത് ആശാസ്യമല്ല . ബൗദ്ധിക സ്വാതന്ത്ര്യത്തിനും വ്യത്യസ്താഭിപ്രായങ്ങൾക്കും തങ്ങൾ എതിരല്ലെങ്കിലും രാജ്യത്തെ നശിപ്പിക്കും എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് അധ്യാപകർ വ്യക്തമാക്കി .
ജെ എൻ യുവിലെ രാജ്യദ്രോഹ പരാമർശങ്ങൾക്ക് അനുകൂലമായി പല സർവകലാശാലകളിലേയും ഇടത് അനുകൂല അദ്ധ്യാപകരുടെ നിലപാടുകൾ നേരത്തെ പുറത്ത് വന്നിരുന്നു . എന്നാൽ ഇതിനെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയർന്നത് . അഫ്സൽ അനുകൂലികളുടെ നിലപാട് ശരിയാണെന്ന രീതിയിൽ പ്രസ്താവന ഇറക്കിയ ബോംബൈ ഐ ഐ ടിയിലെ ചില അദ്ധ്യാപകരുടെ നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് . ഇതിനെതിരെ മറ്റ് അദ്ധ്യാപകർ രംഗത്തെത്തിയിട്ടുണ്ട് .
രാജ്യവിരുദ്ധ പരാമർശങ്ങൾക്കെതിരെ ജെ എൻ യുവിലും പ്രതിഷേധമുയർന്നിരുന്നു.നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു