പൂനെ: 1993 ലെ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് ആയുധന നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍മോചിതനായി. പൂനെ യേര്‍വാഡ ജയിലില്‍ നിന്ന് ഇന്ന് രാവിലെയാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്.
ഭാര്യ മാന്യത, ചലച്ചിത്ര നിര്‍മാതാവ് രാജ്കുമാര്‍ ഹിരാണി തുടങ്ങിയവര്‍ ജയിലിന് പുറത്ത് സഞ്ജയ് ദത്തിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ജയില്‍ മണ്ണിനെ ചുംബിച്ച് ജയിലിന് നേരെ നോക്കി സല്യൂട്ട് നല്‍കിയാണ് താരം മടങ്ങിയത്. നിരവധി ആരാധകരും ജയില്‍ പരിസരത്ത് എത്തിയിരുന്നു. സ്വാതന്ത്ര്യത്തിലേക്ക് നടക്കുക എളുപ്പമല്ലെന്നും ആരാധകരുടെ പിന്തുണ കൊണ്ടാണ് തനിക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞതെന്നും ദത്ത് പ്രതികരിച്ചു.
പൂനെ വിമാനത്താവളത്തിലേക്ക് പോയ സഞ്ജയ് ദത്ത് ഇവിടെ നിന്നും വിമാനത്തില്‍ മുംബൈയിലേക്ക് പോകും. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാന്‍ 103 ദിവസം കൂടി അവശേഷിക്കെയാണ് സഞ്ജയ് ദത്തിന്റെ മോചനം. ഇതിനെതിരേ ഇന്നലെ മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ നല്ല പെരുമാറ്റത്തിനും മാതൃകാപരമായ ഇടപെടലിനും നിയമാനുസൃതം ലഭിക്കുന്ന ഇളവുകളാണ് സഞ്ജയ് ദത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ടാഡ കോടതി ജഡ്ജി പ്രമോദ് കോഡ വ്യക്തമാക്കി.
2007 ലായിരുന്നു സഞ്ജയ് ദത്തിന് പ്രത്യേക ടാഡ കോടതി ശിക്ഷ വിധിച്ചത്. ഇത് സുപ്രീംകോടതി ശരിവെച്ചതിനെ തുടര്‍ന്നാണ് താരത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്.