ന്യൂഡല്‍ഹി: തിരക്കുള്ള പാതകളില്‍ സാധാരണ യാത്രക്കാരെ ലക്ഷ്യം വെച്ച് അന്ത്യോദയ എക്സ്പ്രസ് തീവണ്ടികള്‍ ആരംഭിക്കും. ഈ ദീര്‍ഘദൂര തീവണ്ടികളില്‍ റിസര്വ്വേഷന് ഒഴിവാക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇത് കൂടാതെ ദീര്‍ഘദൂര തീവണ്ടികളില്‍ ദിവസവും യാത്ര ചെയ്യുന്നവരെ ലക്ഷ്യം വെച്ച് റിസര്വ്വേഷന് ആവശ്യമില്ലാത്ത ദീന് ദയാല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തും. ഹംസഫര്‍, തേജസ്, ഉദയ് എക്സ്പ്രസുകള്‍ പുതുതായി ആരംഭിക്കുമെന്നും റെയില്‍വേ ബജറ്റില്‍ മന്ത്രി പറഞ്ഞു.
ലോകനിലവാരമുള്ള സൗകര്യങ്ങളാകും തേജസ് തീവണ്ടികളില്‍ ഏര്‍പ്പെടുത്തുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ഈ തീവണ്ടികളുടെ യാത്ര. പൂര്‍ണമായി തേഡ് എസി കോച്ചുകള്‍ സജ്ജീകരിച്ചായിരിക്കും ഹംസഫര്‍ തീവണ്ടികള്‍. വൈ ഫൈ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഇതിലുണ്ടാകും. വഡോദരയിലെ നാഷണല്‍ റെയില്‍വേ അ്ക്കാദമി സര്‍വ്വകലാശാലയാക്കി മാറ്റും.
റിസര്‍വേഷന്‍ വിഭാഗത്തില്‍ വനിതായാത്രക്കാര്‍ക്ക് 33 ശതമാനം സംവരണം സബ് ക്വാട്ടയായി അനുവദിക്കും. ട്രെയിനുകളുടെ യാത്രാ വിവരങ്ങള്‍ അറിയിക്കാനായി 2000 സ്റ്റേഷനുകളില്‍ 20000 സ്ക്രീനുകള്‍ സ്ഥാപിക്കും. ഇക്കൊല്ലം 1600 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കും, അടുത്ത വര്‍ഷത്തോടെ ഇത് 2000 കിലോമീറ്ററായി ഉയരും. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി 17,000 ബയോ ടോയ്ലറ്റുകള് നിര്‍മിക്കും. റെയില്‍വേ അടിസ്ഥാന സൗകര്യമേഖല ആധുനീകവല്ക്കരിക്കുന്നതിനായി അടുത്ത അഞ്ച് വര്‍ഷം 8.5 ലക്ഷം കോടി രൂപ ചെലവഴിക്കും. വാരണസിയെയും ഡല്‍ഹിയെയും ബന്ധിപ്പിച്ച് അത്യാധുനിക കോച്ചുകളോടെ പുതിയ തീവണ്ടി സര്‍വ്വീസ് ആരംഭിക്കും.
ഇക്കൊല്ലം 100 സ്റ്റേഷനുകളില്‍ വൈ ഫൈ ലഭ്യമാക്കും. രണ്ട് വര്‍ഷത്തിനുളളില്‍ മൊത്തം 400 സ്റ്റേഷനുകളില്‍ വൈ ഫൈ സേവനം എത്തിക്കും. 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ മനോഹരമാക്കാന്‍ സാമുഹ്യ സംഘടനകളുടെ സേവനം വിനിയോഗിക്കും.