ന്യൂഡല്‍ഹി: ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച സത്യവാങ്മൂലം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മാറ്റി നല്കുകയായിരുന്നെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിളളയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ മുതലെടുപ്പാണ് ജി.കെ പിളളയുടെ വെളിപ്പെടുത്തലോടെ പുറത്തുവന്നത്.
2009 ലാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഇസ്രത്തിന്റെയും കൂട്ടരുടെയും ലഷ്കര്‍ ബന്ധം പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇസ്രത് ജഹാന് ഉള്‍പ്പെടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എല്ലാവരും തീവ്രവാദികളാണെന്നായിരുന്നു ആദ്യ സത്യവാങ്മൂലത്തിലെ പരാമര്‍ശം. എന്നാല്‍ രണ്ട് മാസത്തിന് ശേഷം ഈ നിലപാട് മാറ്റി കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുകയായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് ആദ്യ നിലപാട് മാറ്റി പുതിയ സത്യവാങ്മൂലം നല്‍കിയതെന്നായിരുന്നു ജി.കെ പിളളയുടെ വെളിപ്പെടുത്തല്‍.
ജി.കെ പിളളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ ബിജെപി രംഗത്തെത്തി. ഇസ്രത് ജഹാന്റെയും അഫ്സല് ഗുരുവിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കേണ്ട സമയമാണിതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പറഞ്ഞു. ഇസ്രത് ലഷ്കറിന്റെ ഭാഗമായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്മാന് ഹെഡ്ലിയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി.കെ പിള്ളയുടെ വെളിപ്പെടുത്തലും പുറത്തുവന്നത്. രാജ്യം ഒന്നാകെ എതിര്‍ക്കേണ്ട തീവ്രവാദ വിഷയങ്ങളില്‍ പോലും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.
അതേസമയം ജി.കെ പിള്ള ഇപ്പോള്‍ ഇക്കാര്യം പറഞ്ഞതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണെന്ന മറുപടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. എന്നാല്‍ വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്സല് ഗുരുവിന്റെ പങ്ക് സംശയാസ്പദമാണെന്ന് കഴിഞ്ഞ ദിവസം പി. ചിദംബരം അഭിപ്രായപ്പെട്ടിരുന്നു. പത്ത് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പി. ചിദംബരം ഇപ്പോള്‍ അഫ്സല് ഗുരുവിനെ വിശുദ്ധനാക്കി രംഗത്തെത്തിയതിനെതിരേ വ്യാപക വിമര്‍ശനമായിരുന്നു ഉയര്്ന്നത്. ഇതിന് പിന്നാലെയാണ് ജി.കെ പിള്ളയുടെ വെളിപ്പെടുത്തലും കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.