ന്യൂഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് മുതല്‍ 7.75 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. നടപ്പുസാമ്പത്തിക വര്‍ഷം 7.6 ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ബജറ്റിന് മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ വികസനപാതയില്‍ രാജ്യം ആത്മവിശ്വാസത്തോടെയാണ് ചുവടുവെയ്്ക്കുന്നതെന്നും വ്യക്തമാക്കുന്നു.
വരുന്ന സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കൂടുതല്‍ സാമ്പത്തിക പരിഷ്കാര നടപടികള്‍ അനിവാര്യമാണെന്നും സൂചിപ്പിക്കുന്നു. ഇക്കൊല്ലത്തെ നികുതി വരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും ഉയരെയായിരിക്കും. രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികള്‍ ധനകമ്മി പിടിച്ചു നിര്‍ത്താന്‍ ഏറെ സഹായകമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ ഉള്‍പ്പെടെ നടപ്പിലാക്കാന്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് കണ്ടെത്തേണ്ടതുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ചരക്ക് സേവന നികുതി നടപ്പിലാക്കണമെന്നും അത് സാമ്പത്തിക പരിഷ്കരണ നടപടികളില്‍ നിര്‍ണായക ചുവടുവെയ്പായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് പദ്ധതി. എല്‍പിജി സബ്സിഡി നേരിട്ട് നല്കല് തുടങ്ങിയ പരിഷ്കാര നടപടികളാണ് വേഗത്തില്‍ ഫലം നല്‍കിയത്. ഉയര്‍ന്ന വരുമാനക്കാര്‍ പാചകവാതക സബ്സിഡി ഉപേക്ഷിക്കണമെന്ന ആഹ്വാനവും വലിയ തോതില്‍ ഗുണം ചെയ്തതായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ജന്‍ധന്‍ യോജനപ്രകാരം 200 മില്യന്‍ ആളുകളാണ് ബാങ്ക് അക്കൗണ്ട് എടുത്തത്. സബ്സിഡികള്‍ നേരിട്ട് നല്‍കുന്നതിലൂടെ 151 മില്യന്‍ ജനങ്ങള്‍ക്ക് ഏകദേശം 29,000 കോടി രൂപയാണ് പാചകവാതക സബ്സിഡിയായി വിതരണം ചെയ്തത്.
വിദേശ നിക്ഷേപത്തിനുളള ചട്ടങ്ങള്‍ ഉദാരമാക്കിയതും അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ കൊണ്ടുവന്ന നടപടികളും വളര്‍ച്ചയ്ക്ക് സഹായകമായി. ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്നും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
വരള്ച്ചയെതുടര്ന്ന് കാര്‍ഷികോത്പാദനത്തില്‍ കുറവ് നേരിട്ടിരുന്നില്ലെങ്കില്‍ വളര്‍ച്ചയുടെ തോത് ഇനിയും ഉയര്ന്നേക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരുന്ന സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്ന പ്രതിക്ഷയും സാമ്പത്തിക സര്‍വ്വേ പങ്കുവെയ്ക്കുന്നു. വ്യാവസായിക വളര്‍ച്ചയിലും മെച്ചമുണ്ടാകും. സബ്സിഡിച്ചെലവ് മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 2 ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യമാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.