ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിത് സമുദായത്തില്‍ പെട്ടയാളല്ലെന്ന് സ്ഥിരീകരിച്ച് തെലങ്കാന പൊലീസ്. ഹൈദരാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. രോഹിതിന്റെ ബന്ധുക്കളില്‍ നിന്നും തഹസീല്‍ദാരില്‍ നിന്നും ഗ്രാമമുഖ്യനില്‍ നിന്നും ഉള്‍പ്പെടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രോഹിതിന്റെ ആത്മഹത്യയുടെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍്ട്ടികളും ഒരു സംഘം വിദ്യാര്‍ഥി സംഘടനകളും നടത്തിയ നീക്കം കൂടിയാണ് ഇതോടെ പൊളിഞ്ഞത്.
വദേര സമുദായത്തില്‍ പെട്ടയാളാണ് രോഹിത് എന്നും പിന്നാക്ക വിഭാഗത്തില്‍ പെടുത്തിയിട്ടുണ്ടെങ്കിലും ഇവര്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഹിതിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ഉള്‍പ്പെടെയുളളവര്‍ക്കെതിരേ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഈ കേസ് അന്വേഷിച്ച മാധപൂര്‍ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ രമണ കുമാര്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
രോഹിതിന്റെ അച്ഛന്‍ വെമുല നാഗ മണികുമാറും പിതാവിന്റെ മാതാപിതാക്കളായ വെമുല രാഘവമ്മയും വെങ്കടേശ്വരലുവും ഉള്‍പ്പെടെയുളളവര്‍ രോഹിത് വദേര സമുദായത്തില്‍ പെട്ടയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുണ്ടൂരിലെ ഗുരസാല മണ്ഡല്‍ തഹസീല്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ് സഹിതമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ രോഹിതിന്റെ സ്‌കൂള്‍ രേഖകളില്‍ നിന്ന്് ജാതി സര്‍ട്ടിഫിക്കേറ്റ് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്റര്‍മീഡിയറ്റ്, കോളജ് രേഖകളില്‍ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന മാല ജാതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ രോഹിത് മാലാ വിഭാഗത്തില്‍ പെട്ടയാളാണോയെന്ന് തങ്ങള്‍ ഒരിക്കലും പരിശോധിച്ചിട്ടില്ലെന്ന് ഗുണ്ടൂരിലെ റവന്യൂ അധികൃതര്‍ പറയുന്നു. 2004 ലാണ് രോഹിത് ജാതി സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിച്ചത്. പിന്നീട് ഓരോ വര്‍ഷവും ഇത് പുതുക്കുകയായിരുന്നു. 2015 ല്‍ മീ സേവയിലൂടെ നല്‍കിയ അപേക്ഷയില്‍ സ്ഥിരം ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഇത് മുന്‍പ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ അടിസ്ഥാനമാക്കിയായിരുന്നു.
താന്‍ അനൗദ്യോഗികമായി വദേര ജാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും മാതാപിതാക്കള്‍ മാല സമുദായത്തില്‍ പെട്ടവരാണെന്നും മാല സമുദായക്കാര്‍ താമസിക്കുന്ന മേഖലയിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും വ്യക്തമാക്കി രോഹിത് വെമുലയുടെ അമ്മ രാധിക നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന തെളിവുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഹിതിന്റെ അമ്മയുടെ സഹോദര ഭാര്യയുടെ മൊഴിയാണ് പൊലീസ് ഉദ്ധരിച്ചിരിക്കുന്നത്. വദേര സമുദായാംഗങ്ങള്‍ ആണെന്നാണ് രാധികയുടെ സഹോദരന്‍ ബനാല ഗിരിധര്‍ കുമാറിന്റെ ഭാര്യ ബനാല ധനലക്ഷ്മി പറയുന്നത്.
രോഹിതിന്റെ ആത്മഹത്യയ്‌ക്ക് ശേഷം ദളിത് പീഡനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് അടക്കമുളള രാഷ്്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥിസംഘടനകളും രംഗത്തെത്തിയത്. പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുളള രാഷ്‌ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും കേന്ദ്രസര്‍ക്കാരിനെതിരേ സൃഷ്ടിച്ച രാഷ്‌ട്രീയ അജന്‍ഡ കൂടിയാണ് വ്യക്തമാകുന്നത്.