ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന രാജ്യവിരുദ്ധ പരിപാടിക്ക് നേതൃത്വം നല്കിയ ഒരു വിദ്യാര്‍ഥി കൂടി പൊലീസിന് മുന്നില്‍ ഹാജരായി. ഉമര്‍ ഖാലിദിന്റെ കൂട്ടാളി അശുതോഷ് ആണ് ആര്‍കെ പുരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. വിവാദമായ അഫ്സല് ഗുരു അനുസ്മരണ പരിപാടിക്ക് ശേഷം അശുതോഷും ജെഎന്‍യു ക്യാമ്പസില്‍ ഒളിവിലായിരുന്നു.
കഴിഞ്ഞ ദിവസം ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അശുതോഷും പൊലീസിന് മുന്‍പാകെ ഹാജരായത്. അശുതോഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്നലെ സമന്‍സ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്. വിവാദ പരിപാടിയുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്ഥികള്ക്കെതിരേയാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പൊലീസിന് മുന്പില് ഹാജരാകാന്‍ തയ്യാറാകാതിരുന്ന വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ക്യാമ്പസില്‍ നടന്ന ഒരു പരിപാടിയില്‍ ഇവര്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിയമത്തിന് മുന്നില്‍ ഹാജരാകാന്‍ വിദ്യാര്‍ഥികളോട് പൊലീസ് ആവശ്യപ്പെട്ടു.
ആദ്യം തയ്യാറല്ലെന്ന് അറിയിച്ചെങ്കിലും ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും പിന്നാലെ ഹാജരാകുകയായിരുന്നു. അനന്ത് പ്രകാശ്, രമ നാഗ എന്നിവരാണ് ഇനിയും നിയമനടപടിക്ക് വിധേയരാകാതെ മാറി നില്‍ക്കുന്നത്. ഇവരുള്‍പ്പെടെ 22 വിദ്യാര്‍ഥികളായിരുന്നു ഫെബ്രുവരി ഒന്‍പതിന് നടന്ന അഫ്സല് അനുസ്മരണത്തില്‍ സജീവമായി രംഗത്തുണ്ടായിരുന്നത്. പൊലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പരിപാടിക്കിടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെയാണ് വിവാദമായത്. കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നും പാകിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങളും പരിപാടിയില്‍ ഉയര്‍ന്നിരുന്നു.