ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പാഠഭാഗമാക്കി സിബിഎസ്ഇ പഠനസഹായി. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള പഠനസഹായിയായ ഗൈഡ് ബുക്കിലാണ് രാഹുലിന്റെ വ്യക്തിത്വത്തെ മഹത്വവല്‍ക്കരിച്ച് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പരിഹാസത്തിനും വഴിവെച്ചിരിക്കുകയാണ്.
സിബിഎസ്ഇ എന്നത് കോണ്‍ഗ്രസ് ബില്‍റ്റ് സിസ്റ്റം ഓഫ് എഡ്യുക്കേഷന്‍ എന്നായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ആക്ഷേപം. മിക്ക സ്കൂളുകളും പഠനസഹായിയായി നിര്‍ദ്ദേശിക്കുന്ന ഗൈഡ്ബുക്കിലാണ് പാഠഭാഗം ഇടം പിടിച്ചത്. ഖണ്ഡിക വായിച്ച് തുടര്‍ന്നുളള ചോദ്യങ്ങള്‍ക്ക് ഉത്തരം കുറിക്കുന്ന ഭാഗത്താണ് രാഹുലിനെക്കുറിച്ചുള്ള ലഘുവിവരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ബഹുമാനിതമായ കുടുംബത്തിലെ അഞ്ചാം തലമുറയില്‍ പെട്ട വ്യക്തിയാണ് രാഹുലും പ്രിയങ്കയും എന്ന് പറഞ്ഞാണ് ഖണ്ഡിക തുടങ്ങുന്നത്. ഊര്‍ജ്ജസ്വലതയും വിനയവും വ്യക്തിപ്രഭാവവും കൊണ്ട് രാഹുല്‍ രാജ്യത്തെ അതിശയിപ്പിച്ചുവെന്നും ജീവിതത്തിന്റെ ഭൂരിഭാഗവും യുഎസിലും ബ്രിട്ടനിലും ചെലവഴിച്ച ഈ ചെറുപ്പക്കാരന് എങ്ങനെ പരുക്കന്‍ ഇന്ത്യന്‍ രാഷ്ട്രീയവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിഞ്ഞുവെന്ന് എതിരാളികള്‍ പോലും അതിശയിക്കുന്നുവെന്നും മറ്റുമുള്ള വാചകങ്ങളാണ് ഖണ്ഡികയില്‍ തുടര്‍ന്നുളളത്.
ഇതിന് ശേഷം രാഹുല്‍ എങ്ങനെയുള്ള വ്യക്തിത്വമാണെന്നും അദ്ദേഹം എങ്ങെയാണ് രാജ്യത്തെ അതിശയിപ്പിച്ചിരിക്കുന്നതെന്നും ഉള്‍പ്പെടെയുളള ചോദ്യങ്ങളും കുറിച്ചിരിക്കുന്നു. ഡല്‍ഹിയിലെ രച്നസാഗര് പ്രൈവറ്റ് ലിമിറ്റഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മീര വാധ്വയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.